ആര്‍എസ്എസിനെതിരായ കാര്‍ട്ടൂണ്‍; കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയുടെ ജാമ്യം റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി
ഭോപ്പാല്‍: ആര്‍എസ്എസിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും 'അപമാനകരമായ' രീതിയില്‍ വരച്ചെന്നാരോപിച്ചെടുത്ത കെസില്‍ കാര്‍ട്ടൂണിസ്റ്റ് ഹേമന്ത് മാളവ്യയുടെ ജാമ്യം റദ്ദാക്കി മധ്യപ്രദേശ് ഹൈക്കോടതി. മേല്‍പ്പറഞ്ഞ പ്രവൃത്തി പരാതിക്കാരന്റെയും പൊതുജനങ്ങളുടെയും മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ളതും മനഃപൂര്‍വവും ദുരുദ്ദേശ്യപരവുമാണെന്ന് വ്യക്തമാണെന്നും കോടതി പറഞ്ഞു.
' ഈ കോടതിയുടെ പരിഗണനയിലുള്ള അഭിപ്രായത്തില്‍, മേല്‍പ്പറഞ്ഞ കാരിക്കേച്ചറില്‍ ഒരു ഹിന്ദു സംഘടനയായ ആര്‍എസ്എസിനെയും ഈ രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും ചിത്രീകരിച്ചതും അതില്‍ ടാഗ് ചെയ്തിരിക്കുന്ന അഭിപ്രായങ്ങളില്‍ ശിവന്റെ പേര് അനാവശ്യമായി വലിച്ചിഴച്ചതും, ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1)(എ) പ്രകാരം ഉള്‍പ്പെടുത്തിയിട്ടുള്ള സംസാര സ്വാതന്ത്ര്യത്തിന്റെയും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെയും നഗ്‌നമായ ദുരുപയോഗമല്ലാതെ മറ്റൊന്നുമല്ല, ഇത് പരാതിക്കാരന്‍ വാദിച്ചതുപോലെ കുറ്റകൃത്യത്തിന്റെ നിര്‍വചനത്തിന് കീഴിലാണ് വരുന്നത് ,' ജസ്റ്റിസ് ചൂണ്ടിക്കാട്ടി.
മാളവ്യയുടെ കൃതികള്‍ ആക്ഷേപഹാസ്യ സ്വഭാവമുള്ളതാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍, ആര്‍എസ്എസിനെയും പ്രധാനമന്ത്രിയെയും കുറ്റകരവും അപമാനകരവുമായ രീതിയില്‍ ചിത്രീകരിക്കുന്ന ഒരു കാരിക്കേച്ചര്‍ വരയ്ക്കാന്‍ അദ്ദേഹത്തെ അനുവദിക്കാന്‍ കഴിയില്ലെന്ന് സംസ്ഥാനത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു.