ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ നിയമഭേദഗതി കൊണ്ടുവരുമെന്ന് അമിത് ഷാ രാജ്യസഭയില്‍

പുതിയ നിയമഭേദഗതി സുപ്രിം കോടതി നിര്‍ദേശത്തെ കൂടി പരിഗണിച്ചുകൊണ്ടായിരിക്കുമെന്ന് അമിത് ഷാ

Update: 2019-12-04 14:27 GMT

ന്യൂഡല്‍ഹി: രാജ്യത്ത് പടര്‍ന്നുപിടിച്ച ആള്‍ക്കൂട്ടക്കൊലകള്‍ക്കെതിരേ നിയമനിര്‍മ്മാണത്തിന് ആലോചനയുണ്ടെന്ന് അമിത് ഷാ രാജ്യസഭയെ അറിയിച്ചു. ഇന്ത്യന്‍ പീനല്‍ കോഡിലും ക്രിമിനല്‍ പ്രൊസീജര്‍ കോഡിലും(ഐപിസി, സിആര്‍പിസി) എന്തൊക്കെ മാറ്റങ്ങള്‍ വേണമെന്നതിനെ കുറിച്ച് നിര്‍ദേശങ്ങള്‍ നല്‍കാന്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

ചോദ്യോത്തര സമയത്ത് ആള്‍ക്കൂട്ടക്കൊലയെ സംബന്ധിച്ച നിരവധി ചോദ്യങ്ങള്‍ ഉയര്‍ന്നുവന്ന സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം. ഗവര്‍ണര്‍മാര്‍, രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സികള്‍, പ്രോസിക്യൂട്ടര്‍മാര്‍ തുടങ്ങിയവര്‍ക്കും എഴുതിയിട്ടുണ്ട്. പോലിസ് റിസര്‍ച്ച് ആന്റ് ഡവലപ്‌മെന്റ് ബ്യൂറോയ്ക്കു കീഴില്‍ ഒരു കമ്മറ്റിക്കും രൂപം കൊടുത്തിട്ടുണ്ട്. നിലവിലെ നിയമങ്ങളില്‍ വരുത്തേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കാനാണ് കമ്മിറ്റിയോട് ആവശ്യപ്പെട്ടിട്ടുള്ളത്.

പുതിയ നിയമഭേദഗതി സുപ്രിം കോടതി നിര്‍ദേശത്തെ കൂടി പരിഗണിച്ചുകൊണ്ടായിരിക്കുമെന്ന് അമിത് ഷാ പറഞ്ഞു. ആള്‍ക്കൂട്ടക്കൊലകള്‍ നിയന്ത്രിക്കുന്നതിന് പുതിയ നിയമനിര്‍മ്മാണം നടത്തണമെന്ന് ജൂലൈ 17 ന് സുപ്രിം കോടതി കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

ആള്‍ക്കൂട്ടക്കൊലകളെ നിയന്ത്രിക്കുന്നതിനുള്ള നിയമനിര്‍മ്മാണങ്ങള്‍ പല സംസ്ഥാനങ്ങളുടെയും ആലോചനയിലുണ്ട്. രാജസ്ഥാന്‍, ബംഗാള്‍ സംസ്ഥാനങ്ങള്‍ നിലവില്‍ അത്തരമൊരു നിയമം പാസാക്കിക്കഴിഞ്ഞു.

നിലവിലെ നിയമത്തില്‍ ആള്‍ക്കൂട്ടക്കൊലയെ സംബന്ധിച്ച ഒരു നിര്‍വചനം നിലവിലില്ലെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞു. നിലവില്‍ ഐപിസിയുടെ 300, 302 വകുപ്പുകളനുസരിച്ചാണ് ആള്‍ക്കൂട്ടക്കൊലകളും വിചാരണചെയ്യപ്പെടുന്നത്.

Similar News