ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം, സംസ്ഥാനത്ത് മഴ ശക്തമാവും; ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Update: 2022-10-21 01:15 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാവുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് മുന്നറിയിപ്പ്. വടക്കന്‍ ആന്തമാന്‍ കടലിനു മുകളിലാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ടത്. പടിഞ്ഞാറു വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു ഒക്ടോബര്‍ 22 ഓടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ തീവ്രന്യൂനമര്‍ദ്ദമായും ഒക്ടോബര്‍ 23 ന് അതി തീവ്രന്യൂനമര്‍ദ്ദമായും ശക്തിപ്രാപിക്കാന്‍ സാധ്യത.

തുടര്‍ന്ന് വടക്ക് ഭാഗത്തേക്ക് തിരിഞ്ഞ് ഒക്ടോബര്‍ 24 ഓടെ മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ചുഴലിക്കാറ്റായി മാറിയേക്കും. തുടര്‍ന്ന് ഒഡീഷ തീരത്തു നിന്ന് ഗതിമാറി വടക്ക് കിഴക്ക് ദിശയില്‍ നീങ്ങി ഒക്ടോബര്‍ 25 ഓടെ പശ്ചിമ ബംഗാള്‍- ബംഗ്ലാദേശ് തീരത്തിനടുത്തെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. 23 വരെ മഴ തുടരുമെന്നാണ് പ്രവചനം. തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരളാ തീരത്തിന് സമീപത്തായാണ് ചക്രവാതച്ചുഴി നിലനില്‍ക്കുന്നത്.

അതിനാല്‍, കേരള- ലക്ഷദ്വീപ് തീരങ്ങളില്‍ മറ്റന്നാള്‍ വരെ മല്‍സ്യബന്ധനം പാടില്ല. 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതിന്റെ ഫലമായി കേരളത്തില്‍ ഒക്ടോബര്‍ 20 മുതല്‍ 23 വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴ / ഇടി / മിന്നലിനും സാധ്യതയുണ്ട്. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തില്‍ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Tags: