ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് രക്ഷിക്കുന്ന കഥ 'ലൗ ജിഹാദെ'ന്ന് ആരോപണം: ടിവി സീരിയലിന് വിലക്ക്

ഹിന്ദു പെണ്‍കുട്ടി മുസല്‍മാന്റെ കുടുംബത്തില്‍ ആശ്രയം തേടുന്ന കഥ സീരിയലിലുണ്ട്. ഇത് ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതി.

Update: 2020-08-30 06:11 GMT

ഗുവാഹത്തി: ലൗ ജിഹാദിന് പ്രേരിപ്പിക്കുന്നതായി ആരോപിച്ച് അസമില്‍ ടിവി പരമ്പരക്ക് വിലക്ക് ഏര്‍പ്പെടുത്തി. ആസാമീസ് സീരിയലായ 'ബീഗം ജാനാണ്' വിലക്ക. ഹിന്ദു ജാഗരണ്‍ മഞ്ച്, ആള്‍ ആസാം ബ്രാഹ്‌മിണ്‍ യൂത്ത് കൗണ്‍സില്‍, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് ആസാം എന്നീ സംഘടനകളാണ് സീരിയലിനെതിരെ പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഗുവാഹത്തി പൊലീസ് കമ്മീഷ്ണര്‍ എംപി ഗുപ്ത രണ്ടു മാസത്തേക്ക് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത് തടഞ്ഞ് ഉത്തരവിറക്കി.

ഹിന്ദു പെണ്‍കുട്ടി മുസല്‍മാന്റെ കുടുംബത്തില്‍ ആശ്രയം തേടുന്ന കഥ സീരിയലിലുണ്ട്. ഇത് ലൗജിഹാദ് പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഹിന്ദുത്വ സംഘടനകള്‍ നല്‍കിയ പരാതി. പ്രാദേശിക ചാനലായ രംഗോണിയാണ് സീരിയല്‍ സംപ്രേഷണം ചെയ്യുന്നത്. അതേസമയം ചാനല്‍ ആരോപണങ്ങള്‍ നിഷേധിച്ചു. ലവ് ജിഹാദുമായി ഇതിന് ബന്ധമില്ലെന്ന് റെംഗോണി ചെയര്‍പേഴ്സണും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് നാരായണന്‍ പറഞ്ഞു. മുസ്‌ലിം പ്രദേശത്ത് കുഴപ്പത്തില്‍ അകപ്പെട്ട ഹിന്ദു പെണ്‍കുട്ടിയെ മുസ്‌ലിം യുവാവ് രക്ഷിക്കുന്നതിനെ കുറിച്ചാണ് സീരിയലില്‍ പറയുന്നതെന്നും ഏതെങ്കിലും മതത്തെ അവഹേളിക്കുന്ന ഒന്നും തന്നെയില്ലെന്നും അദ്ദേഹം പറഞ്ഞു. നിരോധനം ഏര്‍പ്പെടുത്തയ നടപടിയെ നിയമപരമായി തന്നെ നേരിടുമെന്നും സഞ്ജീവ് നാരായണന്‍ പറഞ്ഞു. അതിനിടെ സീരിയയിലെ നായിക പ്രീതി കൊങ്കണക്കെതിരെ ഹിന്ദുത്വര്‍ സമൂഹമാധ്യമങ്ങളിലൂടെ അവഹേളനം തുടങ്ങി. പീഡിപ്പിക്കുമെന്നും ഇവരെ ഭീഷണിപ്പെടുത്തുന്നുണ്ട്. 

Tags:    

Similar News