കത്ത് നല്‍കിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മേയര്‍; മുഖ്യമന്ത്രിക്ക് പരാതി നല്‍കി

Update: 2022-11-06 14:10 GMT

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ താല്‍ക്കാലിക നിയമനങ്ങളില്‍ ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നതിന് സിപിഎം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ഥിച്ച് കത്തെഴുതിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍. സംഭവത്തില്‍ ക്ലിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കിയതിന് ശേഷം മുടവന്‍മുകളിലെ വീട്ടില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മേയര്‍ ഇക്കാര്യം അറിയിച്ചത്. നേരത്തെ, താന്‍ ഇങ്ങനെയൊരു കത്തെഴുതിയിട്ടില്ലെന്നും കത്തിലെ നിജസ്ഥിതി അന്വേഷിക്കാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും മേയര്‍ അറിയിച്ചിരുന്നു.

സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫിസിലെത്തി നേതൃത്വത്തിന് വിശദീകരണം നല്‍കിയതിന് ശേഷമാണ് മേയര്‍ മുഖ്യമന്ത്രിയുടെ ഓഫിസിലെത്തിയത്. കത്തിന്റെ ഉറവിടം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട മേയര്‍, മാധ്യമപ്രവര്‍ത്തകര്‍ കള്ളനെ പിടികൂടിയത് പോലെയാണ് തന്നെ പിന്തുടര്‍ന്നതെന്നും വിമര്‍ശിച്ചു. തന്റെ അറിവോ സമ്മതമോ അല്ലാതെയുള്ള കത്താണിത്. അത്തരമൊരു കത്ത് കൊടുക്കുന്ന ശീലം സിപിഎമ്മിനില്ല.

നേരിട്ടോ അല്ലാതെയോ കത്തില്‍ ഒപ്പിട്ടിട്ടില്ല. നഗരസഭയ്ക്കും മേയര്‍ക്കുമെതിരെയുമായി ചെയ്തതാണോ ഇതെന്ന് സംശയമുണ്ട്. തെറ്റ് ചെയ്തവരെ കണ്ടെത്തണം. അത് തന്റെ കൂടെ ആവശ്യമാണ്. സംഭവത്തില്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. ലെറ്റര്‍ പാഡ് വ്യാജമാണോയെന്ന് അന്വേഷിക്കണം. കത്ത് ആരുണ്ടാക്കി, ഷെയര്‍ ചെയ്തു എന്ന് അന്വേഷിക്കണം. തന്റെ ഓഫിസിനെ സംശയമില്ലെന്നും മേയര്‍ അറിയിച്ചു.

Tags: