നിയമന കത്ത് വിവാദം; നഗരസഭയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ്- ബിജെപി പ്രതിഷേധം

Update: 2022-11-08 05:58 GMT

തിരുവനന്തപുരം: നിയമന കത്ത് വിവാദത്തില്‍ തിരുവനന്തപുരം നഗരസഭാ ഓഫിസിന് മുന്നില്‍ കോണ്‍ഗ്രസ്- ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരിക്കുകയാണ്. മേഖലയില്‍ വലിയ പോലിസ് സന്നാഹവും ക്യാംപ് ചെയ്യുന്നുണ്ട്. നഗരസഭാ മേയര്‍ ആര്യാ രാജേന്ദ്രന്റെയും നഗരസഭാ പാര്‍ലമെന്ററി സെക്രട്ടറി ഡി ആര്‍ അനിലിന്റെയും ഓഫിസ് മുറിക്ക് മുന്നിലാണ് ബിജെപിയുടെ പ്രതിഷേധം പുരോഗമിക്കുന്നത്.

ഇരുവരുടെയും ഓഫിസിന് മുന്നില്‍ കൊടികെട്ടിയ ബിജെപി കൗണ്‍സിലര്‍മാര്‍ നിലത്ത് കിടന്നും ഇരുന്നുമാണ് പ്രതിഷേധിക്കുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നുണ്ട്. സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകരും നഗരസഭയില്‍ സംഘടിച്ചെത്തിയിട്ടുണ്ട്. നഗരസഭയിലെ ആരോഗ്യവിഭാഗത്തില്‍ പാര്‍ട്ടിക്കാരെ തിരുക്കിക്കയറ്റുന്നതിന് മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരിലുള്ള കത്ത് പുറത്തുവന്നതിന് പിന്നാലെയാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്.

കത്തയച്ചിട്ടില്ലെന്ന് മേയര്‍ ആര്യാ രാജേന്ദ്രനും കത്ത് കിട്ടിയിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനും വ്യക്തമാക്കിയതോടെ ക്രൈംബ്രാഞ്ച് അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്. മേയര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. സിപിഎമ്മിന്റെ നേതൃത്വത്തിലും പാര്‍ട്ടിതല അന്വേഷണം നടക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസില്‍ പാര്‍ട്ടിക്കാരെ തിരുകിക്കയറ്റുകയാണെന്നും സര്‍ക്കാര്‍ യുവാക്കളെ വഞ്ചിച്ചെന്നുമാരോപിച്ച് നഗരസഭയിലെ കത്ത് വിവാദം കോണ്‍ഗ്രസ്സും ബിജെപിയും രാഷ്ട്രീയ ആയുധമാക്കിയിരിക്കുകയാണ്.

Tags:    

Similar News