പുരി രഥയാത്ര: പങ്കെടുത്തത് 3500ല്‍ താഴെ ഭക്തര്‍; ഒരു ക്ഷേത്ര ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു

Update: 2020-06-23 13:55 GMT

പുരി: ഒഡീഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയില്‍ പങ്കെടുത്തത് 3500ല്‍ താഴെ ഭക്തര്‍ മാത്രം. രഥയാത്രയ്ക്ക് സുപ്രിംകോടതി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ദിവസം ഭാഗികമായി പിന്‍വലിച്ചതോടെയാണ് രഥയാത്ര ഭക്തരുടെ എണ്ണം കുറച്ച് നടത്താന്‍ അവസരമൊരുങ്ങിയത്. ഒരു രഥം വലിക്കാന്‍ 500 പേര്‍ക്കാണ് സുപ്രിംകോടതി അനുമതി നല്‍കിയത്. പുരി രഥയാത്രയ്ക്ക് 3 രഥങ്ങളാണ് ഉപയോഗിക്കുന്നത്. ഇതിനും പുറമെ ക്ഷേത്രപരിസരത്ത് 50 പ്ലാറ്റൂണ്‍ പോലിസുകാരെയും നിയോഗിച്ചിരുന്നു. ഒരു പ്ലാറ്റൂണില്‍ 30 പോലിസുകാരാണ് ഉള്ളത്.

രഥയാത്രയോടനുബന്ധിച്ച് തിങ്കളാഴ്ച രാത്രി 9 മുതല്‍ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 മണിവരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരുന്നു. സുരക്ഷാപരിശോധനയുടെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ സിസിടിവി സജ്ജീകരിച്ചിട്ടുണ്ട്. പുരിയിലേക്കുളള എല്ലാ കവാടങ്ങളും അടച്ചിട്ടിരുന്നു. പുരോഹിതരും ഭക്തരും പോലിസുകാരും അടക്കം ക്ഷേത്രസമുച്ഛയത്തിലെത്തുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധന സുപ്രിംകോടതി നിര്‍ബന്ധമാക്കിയിരുന്നു. ക്ഷേത്രം അണുവിമുക്തമാക്കുകയും ചെയ്തു.

അതിനിടയില്‍ ഒരു ക്ഷേത്രജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചത് ജീവനക്കാര്‍ക്കിടയില്‍ ഭീതി പടര്‍ത്തി. അദ്ദേഹത്തിന്റെ സമ്പര്‍ക്ക പട്ടിക ആരോഗ്യവകുപ്പ് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

രഥയാത്രയ്ക്ക് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും ഒഡീഷ സര്‍ക്കാരും സുപ്രിംകോടതിയെ സമീപിച്ചിരുന്നു. രഥയാത്രയ്ക്ക് വിലക്കേര്‍പ്പെടുത്തിയ ജൂണ്‍ 18ലെ വിധി പുനപ്പരിശോധിക്കണമെന്നായിരുന്നു ആവശ്യം.

ജൂണ്‍ 23ന് നടക്കേണ്ട രഥ യാത്രയ്ക്ക് ജൂണ്‍ 18ന് സുപ്രിംകോടതി വിലക്കേര്‍പ്പെടുത്തിയിരുന്നു. കൊവിഡ് ആരോഗ്യ നിര്‍ദേശങ്ങള്‍ പാലിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു വിലക്ക്. സാധാരണ വര്‍ഷാവര്‍ഷം നടക്കുന്ന രഥയാത്രയില്‍ 10 ലക്ഷം പേരാണ് പങ്കെടുക്കുക. ഒഡീഷയിലെ എന്‍ജിഒ ആയ ഒഡീഷ വികാസ് പരിഷത്ത് ആണ് കൊവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ രഥയാത്ര വിലക്കണമെന്ന ആവശ്യവുമായി സുപ്രിംകോടതിയെ സമീപിച്ചത്. മാസങ്ങളായി രാജ്യത്ത് ലോക്ക് ഡൗണ്‍ നിലവിലുണ്ടെന്നും ഈ സാഹചര്യത്തില്‍ രഥയാത്ര അനുവദിക്കരുതെന്നുമായിരുന്നു ആവശ്യം. 

Tags:    

Similar News