ചരിത്രവസ്തുതകള്‍ ലോകം മറന്നെന്ന് തെറ്റിദ്ധരിച്ചാണ് 'ജമാഅത്ത് മസ്തിഷ്‌കങ്ങള്‍' താലിബാനെ സ്തുതിക്കുന്നതെന്ന് തോമസ് ഐസക്

ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടം ഫേസ് ബുക്കില്‍ പങ്ക് വച്ചുവച്ച വംശീയ പോസ്റ്റു മുതല്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കും സമാന സ്വഭാവത്തിലുള്ള വെറുപ്പാണ് താലിബാന്‍ പശ്ചാത്തലത്തില്‍ കേരളീയ പൊതുസമൂഹത്തില്‍ ഒളിച്ചുകടത്തുന്നത്

Update: 2021-08-21 13:28 GMT

തിരുവനന്തപുരം: അഫ്ഗാനില്‍ താലിബാന്‍ അധികാരത്തിലേറുന്ന പശ്ചാത്തലത്തില്‍ ഇടതു ചിന്തകര്‍ കേരള മുസ്‌ലിംകളെ താറടിക്കാനുള്ള ശ്രമം തുടരുന്നു. ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടം ഫേസ് ബുക്കില്‍ പങ്ക് വച്ചുവച്ച വംശീയ പോസ്റ്റു മുതല്‍, സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഇപ്പോള്‍ കേന്ദ്രകമ്മിറ്റിയംഗം തോമസ് ഐസക്കും സമാന സ്വഭാവത്തിലുള്ള വെറുപ്പാണ് താലിബാന്‍ പശ്ചാത്തലത്തില്‍ കേരളീയ പൊതുസമൂഹത്തില്‍ ഒളിച്ചുകടത്തുന്നത്.

ചരിത്രം വെണ്ടയ്ക്കാ വലിപ്പത്തില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്ന വസ്തുതകകളൊക്കെയും ലോകം മറന്നു എന്ന് തെറ്റിദ്ധരിച്ചാണ് പുത്തന്‍തലമുറ 'ജമാഅത്തെ മസ്തിഷ്‌കങ്ങള്‍' താലിബാന്‍ സ്തുതി ആലപിക്കുന്നതെന്നാണ് ഡോ. തോമസ് ഐസകിന്റെ ഒളിയമ്പ്. ജനാധിപത്യത്തിന്റെ തുറസുകളില്‍ ഗന്ധകപ്പുക നിറയ്ക്കാന്‍ എല്ലാ മതതീവ്രവാദങ്ങള്‍ക്കുമുള്ള ലൈസന്‍സാവുകയാണ് താലിബാനെന്നും അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

നേരത്തെ ഇടതു ചിന്തകന്‍ സുനില്‍ പി ഇളയിടം, അഫ്ഗാനെക്കാള്‍ കൂടുതല്‍ താലിബാനികള്‍ കേരളത്തിലാണെന്നും ജീവിക്കാന്‍ ഭയമാവുന്നു എന്നുമുള്ള പോസ്റ്റ് ഷെയര്‍ ചെയ്തത് വിവാദമായിരുന്നു. താലിബാന്റെ വരവ് കേരളത്തില്‍ പോലും മതതീവ്രവാദത്തിലേക്ക് വഴിതെറ്റിപോകുന്നവരുടെ എണ്ണം കൂട്ടാമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയും ഫേസ് ബുക്കില്‍ കുറിച്ചിരുന്നു. അമേരിക്കന്‍ സാമ്രാജ്വത്വത്തെ വിമര്‍ശിക്കുന്നു എന്ന വ്യാജേന കേരളത്തിലെ മുസ്‌ലിംകളെ ക്രൂശിക്കാനാണ് ഈ താലിബാന്‍ വിരുദ്ധ രചനകളിലൂടെ ഇടതു ചിന്തകര്‍ ശ്രമിക്കുന്നത്.

അഫ്ഗാനില്‍ നജീബുല്ലയുടെ നേതൃത്വത്തിലുണ്ടായിരുന്ന സോവിയറ്റ്-കമ്മ്യൂനിസ്റ്റ് ഏകാധിപത്യ സര്‍ക്കാര്‍ 20 ലക്ഷം അഫ്ഗാനികളെയാണ് കൂട്ടക്കൊല ചെയ്തത്. ഈ ഭീകരത മറച്ച് വച്ചാണ് കേരളത്തിലെ ഇടതു ബുദ്ധിജീവികള്‍ കമ്മ്യൂനിസ്റ്റ് ഭരണകാലത്തെ അഫ്ഗാനെ വാഴ്തിപ്പാടുന്നത്.

ഫേസ് ബുക്ക് കുറുപ്പിന്റെ പൂര്‍ണ രൂപം

20 വര്‍ഷത്തെ സൈനിക ഇടപെടലിനുശേഷം തോറ്റമ്പി മടങ്ങുമ്പോള്‍ എന്താണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്? ഇറാഖില്‍, ലിബിയയില്‍, സിറിയയില്‍ എല്ലാം നിലവിലുണ്ടായിരുന്ന വ്യവസ്ഥാപിത സര്‍ക്കാരുകളുടെ അമേരിക്കന്‍ അട്ടിമറി ഇന്ന് ആ രാജ്യങ്ങളെ എവിടെക്കൊണ്ട് എത്തിച്ചിരിക്കുന്നുവെന്ന് ആലോചിച്ചാല്‍ മതി.

ഭീകരതയുടെ ടൈം ബോംബാണ് അമേരിക്ക അഫ്ഗാനിസ്ഥാനില്‍ അവശേഷിപ്പിക്കുന്നത്. എല്ലാ മതങ്ങളിലെയും തീവ്രവലതുപക്ഷം ലോകത്തിനാകെ വെല്ലുവിളിയാകുംവിധം ശക്തിപ്പെടും എന്നതാണ് ഈ ബോംബുസ്‌ഫോടനത്തിന്റെ ആത്യന്തികമായ ഫലശ്രുതി. പ്രാകൃതമായ മതകാര്‍ക്കശ്യങ്ങള്‍ തോക്കു ചൂണ്ടി അടിച്ചേല്‍പ്പിക്കുകയും എതിര്‍ ശബ്ദങ്ങളെ നിഷ്‌കരുണം കൊന്നൊടുക്കുകയും ചെയ്യുന്ന താലിബാന്‍ ചെയ്തികളില്‍ നിന്ന് മുതലെടുക്കുന്നത് ഇന്ത്യയില്‍ ആരാണ് എന്ന് ആലോചിച്ചു നോക്കൂ. താലിബാന്‍ വിജയം യുപിയില്‍ ബിജെപിക്കു തുണയാകുമെന്ന വാര്‍ത്ത വായിച്ചിട്ട് ഏതാനും നിമിഷമേ ആകുന്നുള്ളൂ. ജനാധിപത്യത്തിന്റെ തുറസുകളില്‍ ഗന്ധകപ്പുക നിറയ്ക്കാന്‍ എല്ലാ മതതീവ്രവാദങ്ങള്‍ക്കുമുള്ള ലൈസന്‍സാവുകയാണ് താലിബാന്‍.

ഇന്നത്തെ പല പ്രമുഖ മുസലിം ഭൂരിപക്ഷ രാജ്യങ്ങളും സെക്കുലര്‍ ആധുനിക മൂല്യങ്ങള്‍ക്കും, സ്ത്രീ സ്വാതന്ത്ര്യത്തിനും പ്രാധാന്യം നല്‍കിയിരുന്ന ട്രേഡ് യൂനിയന്‍ സോഷ്യലിസ്റ്റ് കമ്മ്യൂനിസ്റ്റ് പ്രസ്ഥാനങ്ങള്‍ ഉണ്ടായിരുന്ന രാജ്യങ്ങളാണ്. ഈ സ്വാധീനത്തെ തകര്‍ക്കുന്നതിനു വേണ്ടിയാണ് അമേരിക്ക സൗദി കേന്ദ്രമായ വഹാബി ഇസ്‌ലാമിനെയും ഈജിപ്തിലെ മുസ്‌ലിം ബ്രദര്‍ഹുഡിനെയും പോലുള്ള പ്രസ്ഥാനങ്ങളെ പ്രോത്സാഹിപ്പിച്ചു തുടങ്ങിയത്.

അഫ്ഗാനിസ്ഥാനിലെ ഇടതുപക്ഷ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങളുടെ ഭാഗമായി അമേരിക്കന്‍ പ്രസിഡന്റായിരുന്ന ജിമ്മി കാര്‍ട്ടറാണ് പാകിസ്ഥാന്‍ ചാരസംഘടനയായ ഐഎസ്‌ഐ വഴി അഫ്ഗാനിസ്ഥാന്‍ മതഭീകരര്‍ക്ക് ആയുധവും പണവും എത്തിക്കാനുള്ള ഓപ്പറേഷന്‍ സൈക്ലോണ്‍ പദ്ധതിയ്ക്ക് രൂപം നല്‍കിയത്. 1979ല്‍ ഏഴു ലക്ഷം ഡോളറില്‍ തുടങ്ങിയ സാമ്പത്തിക സഹായം എണ്‍പതില്‍ മുപ്പതു മില്യണ്‍ ഡോളറായി. 1987ല്‍ ഇത് 630 മില്യണ്‍ ഡോളറായി പെരുകി. ഒരു മൂന്നാംലോക രാജ്യത്തെ ഛിന്നഭിന്നമാക്കാന്‍ ചെലവഴിച്ച ഏറ്റവും വലിയ ഇഷ്ടദാനത്തുകയെന്ന് ഈ ചെലവിനെ അമേരിക്കക്കാര്‍ തന്നെയാണ് പരിഹസിച്ചത് (the biggest bequest to any third world insurgency). സിഐഎയുടെ മുന്‍മേധാവി റോബര്‍ട്ട് ഗേറ്റ്‌സിനെപ്പോലുള്ളവരുടെ മേല്‍നോട്ടത്തിലായിരുന്നു ഓപ്പറേഷന്‍ സൈക്ലോണ്‍ മാസ്റ്റര്‍പ്ലാന്‍. റാംബോ സിനിമാ പരമ്പര പ്രസിദ്ധമാണല്ലോ. ഈ അമേരിക്കന്‍ പ്രചാരണ സിനിമ മൂന്നാമത്തേതിന്റെ സമര്‍പ്പണം 'ധീരരായ മുജാഹിദീന്‍ പോരാളികള്‍'ക്കായിരുന്നു. ഇവരില്‍ നിന്നാണു താലിബാന്‍ വളര്‍ന്നുവന്നത്.

താലിബാനെപ്പോലുള്ള ഭീകരസംഘത്തിന് പാലും തോക്കും കൊടുത്തു വളര്‍ത്തുമ്പോള്‍, അന്നത്തെ ഭീകരത അമേരിക്കയ്ക്ക് വിശുദ്ധ ജിഹാദ് ആയിരുന്നു. സ്വാതന്ത്ര്യത്തിനും ജനാധിപത്യാവകാശങ്ങള്‍ക്കും വേണ്ടിയാണ് തങ്ങള്‍ ഇതര രാജ്യങ്ങളില്‍ ഇടപെടുന്നത് എന്നാണ് പലപ്പോഴും അധിനിവേശത്തിന്റെ ന്യായീകരണമായി അമേരിക്കയും അവരുടെ സ്തുതിപാഠകരും പയറ്റുന്ന വാദങ്ങള്‍. എന്നാല്‍ വിദ്യാഭ്യാസവും ലിംഗനീതിയും ഭൂപരിഷ്‌കരണവും ഉറപ്പുവരുത്തിയ അഫ്ഗാന്‍ സര്‍ക്കാരിനെതിരെയാണ് താലിബാനെപ്പോലുള്ള മതഭീകരതയെ വളര്‍ത്തിയത് എന്നോര്‍ക്കുമ്പോള്‍ ഈ വാചാടോപത്തിന്റെ പൊള്ളത്തരം ബോധ്യമാകും.

ഈ ചരിത്രവസ്തുതകളാണ് താലിബാനെ വിശുദ്ധരായി വാഴ്ത്തുന്ന ജമാഅത്തെ ഇസ്‌ലാമിയെപ്പോലുള്ളവരുടെ മുഖംമൂടി വലിച്ചു കീറുന്നത്. താലിബാന്‍ ഭീകരരുടെ കണ്‍കണ്ട ദൈവം അമേരിക്കയായിരുന്നു. ഭീകരതയുടെ പരിശീലനകാംപുകളിലേയ്ക്ക് പാലും പണവും ആയുധവും ഒഴുക്കിയത് അമേരിക്കയാണ്. വിശുദ്ധരാജ്യ സംസ്ഥാപനത്തിന് ലഘുലേഖ അച്ചടിക്കാനുള്ള പണവും അമേരിക്കയുടെ ദാനമായിരുന്നു. ചരിത്രം വെണ്ടയ്ക്കാ വലിപ്പത്തില്‍ രേഖപ്പെടുത്തി വെച്ചിരിക്കുന്ന വസ്തുതകകളൊക്കെയും ലോകം മറന്നു എന്ന് തെറ്റിദ്ധരിച്ചാണ് പുത്തന്‍തലമുറ ജമാഅത്തെ മസ്തിഷ്‌കങ്ങള്‍ താലിബാന്‍ സ്തുതി ആലപിക്കുന്നത്.

അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമായ പ്രത്യയശാസ്ത്രത്തിന്റെ ഉടമകളാണ് താലിബാന്‍. അവരെ ന്യായീകരിക്കുന്നവര്‍ അവരെക്കാള്‍ മനുഷ്യത്വവിരുദ്ധരാണ്. ചെകുത്താനും പിശാചിനും ഇടയ്ക്കാണ് ലോകം. മനുഷ്യാവകാശങ്ങളും ജനാധിപത്യവും സ്വതന്ത്രജീവിതവും അട്ടിമറിച്ച് താലിബാന്‍ തേരോട്ടം മുന്നേറുമ്പോള്‍, മറുവശത്ത് ഇതര മതതീവ്രവാദികളും ശക്തിപ്പെടും. ഒരു ഭീകരത മറ്റൊരു ഭീകരതയ്ക്ക് അതിവേഗം അടിവളമാകും. ജനാധിപത്യമൂല്യങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കുമാണ് ആത്യന്തികമായ ഭീഷണി. സ്ത്രീകളും കുട്ടികളുമാണ് ദുരിതജീവിതത്തിന്റെ പ്രളയത്തില്‍ ഏറ്റവുമധികം മുങ്ങിത്താഴുന്നത്. അന്തസോടെ ജീവിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടുന്ന ഒരു മഹാപ്രസ്ഥാനം മാത്രമാണ് ഈ പ്രതിസന്ധിയ്ക്കുള്ള മറുപടി.

Tags:    

Similar News