അംഗത്വ വിതരണത്തിനെത്തിയപ്പോള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതി; ലീഗ് പ്രവര്‍ത്തകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

Update: 2022-11-24 05:38 GMT

കാസര്‍കോട്: അംഗത്വ വിതരണത്തിനെത്തിയപ്പോള്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുസ്‌ലിം ലീഗ് പ്രവര്‍ത്തകനെ പോക്‌സോ കേസ് ചുമത്തി പോലിസ് അറസ്റ്റ് ചെയ്തു. ബേക്കല്‍ ഹദ്ദാദ് നഗറിലെ എ സി അബ്ദുല്ലയെയാണ് ബേക്കല്‍ പോലിസ് അറസ്റ്റുചെയ്തത്. രണ്ട് ദിവസം മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഏതാനും പ്രവര്‍ത്തകര്‍ക്കൊപ്പം അംഗത്വ വിതരണത്തിനിറങ്ങിയ അബ്ദുല്ലയും സംഘവും പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും ആദ്യം മടങ്ങി.

ഇവര്‍ക്ക് പിന്നാലെ വീട്ടുകാരും യാത്ര പോയത് ശ്രദ്ധയില്‍പ്പെട്ട അബ്ദുല്ല സഹപ്രവര്‍ത്തകരുടെ കണ്ണുവെട്ടിച്ച് വീണ്ടും വീട്ടിലെത്തി കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. ഈ സമയത്ത് പെണ്‍കുട്ടി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വെള്ളമെടുക്കാനായി വീട്ടിനകത്ത് കയറിയ തക്കംനോക്കി അബ്ദുല്ല പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കയറിപ്പിടിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ ഇയാള്‍ ഓടിരക്ഷപ്പെട്ടു. സംഭവം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചതിനെത്തുടര്‍ന്നാണ് ബേക്കല്‍ പോലിസില്‍ പരാതി നല്‍കിയത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags: