കേന്ദ്രസര്‍ക്കാരിനെതിരേ സമരം പ്രഖ്യാപിച്ച് എല്‍ഡിഎഫ്

ജനുവരി 12ന് നടക്കുന്ന സമരത്തില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും

Update: 2025-12-28 12:21 GMT

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെതിരേ സമരം പ്രഖ്യാപിച്ച് എല്‍ഡിഎഫ്. കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നയത്തിനെതിരേയാണ് എല്‍ഡിഎഫ് ജനുവരി 12ന് സമരം പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് നടക്കുന്ന പ്രതിഷേധ സമരത്തില്‍ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും എംഎല്‍എമാരും പങ്കെടുക്കും. ക്ഷേമ പെന്‍ഷന്‍ കുടിശിക, തൊഴിലുറപ്പ് പദ്ധതി വിഹിതം വെട്ടിക്കുറച്ചത്, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടേയുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിയാണ് സമരം. ഞായറാഴ്ച നടന്ന എല്‍ഡിഎഫ് യോഗത്തിലാണ് തീരുമാനം.

കഴിഞ്ഞ ദിവസം നടന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റില്‍ കേന്ദ്ര സര്‍ക്കാറിനെതിരേയുള്ള പ്രതിഷേധ പരിപാടിയെ കുറിച്ച് ധാരണയായിരുന്നു. അതിനെ തുടര്‍ന്നാണ് ഞായറാഴ്ച അടിയന്തര എല്‍ഡിഎഫ് യോഗം ചേര്‍ന്നത്. കേന്ദ്രത്തിനെതിരായ സമരപരമ്പരകളുടെ തുടക്കമാകും 12നുള്ള പ്രതിഷേധം. തുടര്‍ സമരങ്ങളുമുണ്ടാവും. എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളയാത്ര നടത്താനും യോഗത്തില്‍ തീരുമാനമായി. നിയമസഭ തിരഞ്ഞെടുപ്പിന് തയ്യാറെടുപ്പ് ആരംഭിക്കാനും എല്‍ഡിഎഫ് യോഗത്തില്‍ ധാരണയായി. എല്‍ഡിഎഫ് നേതൃത്വത്തില്‍ കേരളയാത്ര നടത്തും. കേരള യാത്രയുടെ തിയതി ജനുവരി ആദ്യവാരത്തിലോ രണ്ടാം വാരത്തിലോ ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ തീരുമാനിക്കും.

സാമ്പത്തികമായി ഞെരുക്കുന്ന കേന്ദ്ര നിലപാടിനെതിരേ മുഖ്യമന്ത്രിയും മന്ത്രിമാരും മുന്‍പ് ഡല്‍ഹിയില്‍ പ്രതിഷേധിച്ചിരുന്നു. കേന്ദ്ര ധനമന്ത്രിയുമായി കെ എന്‍ ബാലഗോപാല്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും കേന്ദ്രം വഴങ്ങിയിരുന്നില്ല. ഏറ്റവും അവസാനമായി 6,000 കോടിയുടെ കടമെടുപ്പ് പരിധിയാണ് കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കൂടുതല്‍ ക്ഷേമപദ്ധതികള്‍ പ്രഖ്യാപിക്കാനിരിക്കെയാണ് കടമെടുപ്പ് പരിധി വീണ്ടും കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറച്ചത്. സാമ്പത്തികമായി കേന്ദ്രം ഞെരുക്കുന്നത് ജനങ്ങളെ കൂടി ബോധ്യപ്പെടുത്തുക ലക്ഷ്യമിട്ടാണ് പ്രതിഷേധം.

Tags: