തോരണം കഴുത്തില്‍ കുരുങ്ങി അഭിഭാഷകയ്ക്ക് പരിക്കേറ്റ സംഭവം; തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരാവണമെന്ന് ഹൈക്കോടതി

Update: 2022-12-22 12:19 GMT

കൊച്ചി: റോഡിലെ ഡിവൈഡറില്‍ തോരണം കെട്ടിയ പ്ലാസ്റ്റിക് ചരട് കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രക്കാരിയായ അഭിഭാഷകയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവം ഭയനകമാണെന്ന് നിരീക്ഷിച്ച കോടതി, തൃശൂര്‍ കോര്‍പറേഷന്‍ സെക്രട്ടറി വെള്ളിയാഴ്ച കോടതിയില്‍ നേരിട്ട് ഹാജരാവണമെന്ന് നിര്‍ദേശം നല്‍കി. അനധികൃത കൊടിത്തോരണവും മറ്റും സ്ഥാപിക്കുന്നവര്‍ കാറില്‍ യാത്ര ചെയ്യുന്നവരാണ്.

സാധാരണക്കാരാണ് ഇത്തരം അപകടങ്ങളില്‍പ്പെടുന്നതെന്നും കോടതി പറഞ്ഞു. പാതയോരത്തുനിന്ന് ഇത്തരം കാര്യങ്ങള്‍ നീക്കം ചെയ്യാന്‍ നിരവധി ഉത്തരവുണ്ടായിട്ടും അധികൃതര്‍ പാലിക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.45ന് ഹരജി വീണ്ടും പരിഗണിക്കും. തൃശൂര്‍ കോടതിയിലെ അഭിഭാഷകയും കേച്ചേരി സ്വദേശിയുമായ കുക്കു ദേവകിക്കാണ് കഴിഞ്ഞ ദിവസം അപകടത്തില്‍ പരിക്കേറ്റത്.

തൃശൂര്‍ അയ്യന്തോളില്‍ വച്ചാണ് അപകടമുണ്ടായത്. കിസാന്‍ സഭയുടെ ദേശീയ സമ്മേളനത്തിന്റെ കൊടിത്തോരണമാണ് ബൈക്ക് യാത്രികയുടെ കഴുത്തില്‍ കുരുങ്ങിയത്. ഡിസംബര്‍ 16ന് അവസാനിച്ച സമ്മേളനത്തിന്റെ തോരണമാണ് അഴിച്ചുമാറ്റാതിരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ കലക്ടര്‍ക്കും പോലിസിനും അഡ്വ.കുക്കു ദേവകി പരാതി നല്‍കിയിരുന്നു.

Tags: