ലക്ഷദ്വീപ്; പ്രതിഷേധം തണുപ്പിക്കാന്‍ സൗജന്യ കിറ്റ് വിരണവുമായി ബിജെപി

Update: 2021-06-12 17:45 GMT

കവരത്തി: ലക്ഷദ്വീപിലെ ജനദ്രോഹ നടപടികളുടെ പേരില്‍ ദ്വീപ് ജനതയില്‍ നിന്നും ഒറ്റപ്പെടുന്ന ബിജെപി സൗജന്യ കിറ്റ് വിതരണം ആസൂത്രണം ചെയ്യുന്നു. അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന്റെ നടപടികള്‍ക്കെതിരെ ജനവികാരം ശക്തമായതോടെ ബിജെപിയില്‍ നിന്നുമുണ്ടായ കൂട്ടരാജി മറികടക്കാനാണ് സൗജന്യ ഭക്ഷ്യവസ്തു കിറ്റ് വിതരണവുമായി ബിജെപി എത്തുന്നത്. സിനിമാ പ്രവര്‍ത്തക ഐഷ സുല്‍ത്താനക്കെതിരേ രാജ്യദ്രോഹ കേസ് ചുമത്തിയതിന്റെ പേരിലും ദ്വീപ് ബിജെപി ഘടകത്തില്‍ നിന്നും ഒട്ടേറെ നേതാക്കളും പ്രവര്‍ത്തകരും രാജിവെച്ചിരുന്നു. ദ്വീപില്‍ പാര്‍ട്ടിയുടെ അടിത്തറ തകര്‍ന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് കിറ്റ് നല്‍കി ജനങ്ങളെ വരുതിയിലാക്കാന്‍ ശ്രമം നടത്തുന്നത്.

സൗജന്യമായി ഭക്ഷ്യവസ്തു കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് എല്ലാ ദ്വീപ് കമ്മറ്റികള്‍ക്കും പണം അനുവദിക്കുന്നുണ്ട്. ഓരോ ദ്വീപ് ഘടകങ്ങള്‍ക്കും വെവ്വേറെയായിട്ടാണ് ഇതിനുള്ള പണം വിതരണം ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ എല്ലാ വീടുകളിലും കിറ്റ് എത്തിക്കാനാണ് ബിജെപി ലക്ഷ്യമിടുന്നത്. കര്‍ക്കശമായ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മൂലം ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ജനങ്ങളെ സൗജന്യ കിറ്റിലൂടെ വരുതിയിലാക്കാനാണ് ബിജെപിയുടെ നീക്കം.

Tags:    

Similar News