ലഖിംപൂര്‍ ഖേരി; പരസ്പര വൈരുധ്യവും പിഴവുകളും ധാരാളം; ആശിഷ് മിശ്രക്കെതിരേയുള്ള പോലിസ് അന്വേഷണ റിപോര്‍ട്ട് തള്ളി ഹൈക്കോടതി

Update: 2022-02-11 03:32 GMT

ലഖ്‌നോ; ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷക പ്രതിഷേധക്കാരെ കാറ് കയറ്റി കൊന്ന കേസില്‍ ആശിഷ് മിശ്രക്കെതിരേയുള്ള പോലിസ് അന്വേഷണ റിപോര്‍ട്ടിലെ പിഴവുകള്‍ ചൂണ്ടിക്കാട്ടി ഹൈക്കോടതി. പ്രതിക്കെതിരേ ചുമത്തിയ വകുപ്പുകളെയും കോടതി ചോദ്യം ചെയ്തു. കേന്ദ്ര മന്ത്രി അജയ് മിശ്രയുടെ മകന്‍ കൂടിയായ പ്രതി ആശിഷ് മിശ്രയ്ക്ക് ജാമ്യം അനുവദിച്ചുകൊണ്ട് പുറപ്പെടുവിച്ച ഉത്തരവിലാണ് പോലിസ് റിപോര്‍ട്ടിലെ പിഴവുകള്‍ കോടതി ചൂണ്ടിക്കാട്ടിയത്. ഇന്നലെയാണ് പ്രതിക്ക് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നോ ബെഞ്ച് ജാമ്യം അനുവദിച്ചത്.

ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെയായിരുന്നു ഉത്തര്‍ പ്രദേശ് പോലിസിന്റെ പ്രത്യേക അന്വേഷണ സംഘം നേരത്തെ 5,000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നത്. കൊലപാതകം, കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയിരുന്നത്.

ഒക്ടോബര്‍ മൂന്നിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ്പ്രസാദ് മൗര്യയെ തടയാന്‍ നിന്ന കര്‍ഷക പ്രതിഷേധക്കാര്‍ക്കു നേരെ ആശിഷ് മിശ്രയുടെ നേതൃത്വത്തിലുള്ള സംഘം വണ്ടിയോടിച്ച് കയറ്റുകയായിരുന്നു. ഇതില്‍ നാല് കര്‍ഷകരും ഒരു മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. ഇതിനു പിന്നാലെ നടന്ന അക്രമസംഭവങ്ങളില്‍ രണ്ട് ബിജെപി പ്രവര്‍ത്തകരടക്കം മൂന്ന് പേരും മരിച്ചു.

പോലിസ് തയ്യാറാക്കിയ കുറ്റപത്രത്തിലുള്ള പിഴവുകള്‍ കോടതി അക്കമിട്ട് നിരത്തിയിരിക്കുകയാണ്. പ്രതിഷേധക്കാര്‍ക്കെതിരേ ആശിഷ് മിശ്രയും സംഘവും നിറയൊഴിച്ചുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പക്ഷേ, പരിക്കേറ്റവര്‍ക്കോ മരിച്ചവര്‍ക്കോ വെടിവയ്പില്‍ പരിക്കേറ്റതിന്റെ വിവരങ്ങള്‍ കുറ്റപത്രത്തില്‍ കാണുന്നില്ല. പ്രതിഷേധക്കാരെ കാറിടിപ്പ് കൊലപ്പെടുത്താന്‍ ആശിഷ് മിശ്ര ഡ്രൈവറെ നിര്‍ബന്ധിച്ചുവെന്ന് പ്രോസിക്യൂഷന്‍ പറയുന്നു. പക്ഷേ, കാറില്‍ യാത്ര ചെയ്തിരുന്ന ഡ്രൈവര്‍ അടക്കമുള്ളവരെ പ്രതിഷേധക്കാര്‍ കൊലപ്പെടുത്തുകയായിരുന്നു. ആശിഷ് മിശ്ര അന്വേഷണ ഉദ്യോഗസ്ഥനു മുന്നിലെത്തുമ്പോഴേക്കും കുറ്റപത്രം തയ്യാറാക്കിക്കഴിഞ്ഞിരുന്നു- ജാമ്യം നല്‍കിക്കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം എടുത്തുപറഞ്ഞത്.

എസ് യുവിയില്‍ യാത്ര ചെയ്തിരുന്ന ഡ്രൈവര്‍ അടക്കമുളളവര്‍ കൊല്ലപ്പെട്ട സംഭവത്തിനു നേരെ കണ്ണടക്കാന്‍ ആവില്ലെന്നും കോടതി പറഞ്ഞു. പ്രതിഷേധക്കാരുടെ ക്രൂരത കോടതിയില്‍ സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ബിജെപി പ്രവര്‍ത്തകരെ കൊലപ്പെടുത്തിയവര്‍ക്കെതിരേയും കേസെടുക്കാന്‍ കോടതി ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ ആ വിവരങ്ങള്‍ കൈമാറുകയും വേണം.

യുപി തിരഞ്ഞെടുപ്പ് നടക്കുന്നതിനിടയിലാണ് മന്ത്രിയുടെ മകന് കോടതി ജാമ്യം ലഭിച്ചത്. യുപി രാഷ്ട്രീയത്തില്‍ അതൊരു വിവാദമായി രൂപം കൊണ്ടിരിക്കുകയാണ്. പ്രോസിക്യൂഷന്റെ പരാജയത്തിനെതിരേ നിരവധി പ്രമുഖര്‍ രംഗത്തുവന്നു.

Tags:    

Similar News