'ആഹാരം കഴിക്കുന്ന സമയത്ത് ബസ്സിനുള്ളില്‍ കയറി'; യാത്രക്കാരെ അസഭ്യം പറഞ്ഞ് ഇറക്കിവിട്ട് കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍

Update: 2022-10-01 11:10 GMT

തിരുവനന്തപുരം: ചിറയിന്‍കീഴില്‍ കെഎസ്ആര്‍ടിസി വനിതാ കണ്ടക്ടര്‍ യാത്രക്കാരോട് മോശമായി പെരുമാറിയെന്ന് പരാതി. ആഹാരം കഴിക്കുന്ന സമയത്ത് ബസ്സിനുള്ളില്‍ യാത്രക്കാര്‍ കയറിയെന്ന് പറഞ്ഞാണ് കണ്ടക്ടര്‍ അസഭ്യം പറയുകയും ഇറക്കിവിടുകയും ചെയ്തത്. കൈക്കുഞ്ഞുമായി കയറിയ യാത്രക്കാര്‍ വരെ കണ്ടക്ടറുടെ ബഹളത്തെത്തുടര്‍ന്ന് ഇറങ്ങിപ്പോയി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് കാട്ടാക്കടയില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ അച്ഛനെയും മകളെയും ക്രൂരമായി മര്‍ദ്ദിച്ച സംഭവമുണ്ടായത്. ഈ വിവാദം കെട്ടടങ്ങും മുമ്പാണ് കെഎസ്ആര്‍ടിസിക്കെതിരേ വീണ്ടും പരാതി ഉയര്‍ന്നിരിക്കുന്നത്. ചിറയിന്‍കീഴ് താല്‍ക്കാലിക ഡിപ്പോയിലാണ് സംഭവം. ആറ്റിങ്ങല്‍- ചിറയിന്‍കീഴ്- മെഡിക്കല്‍ കോളജിലേക്ക് പോവുന്ന ബസ്സിലെ വനിതാ കണ്ടക്ടര്‍ യാത്രക്കാരോട് ആക്രോശിക്കുന്നതും ഇറങ്ങിപ്പോവാന്‍ പറയുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്. ബസ് ഉച്ചയ്ക്ക് 12 മണിയോടെ ചിറയിന്‍കീഴിലെ താല്‍കാലിക ഡിപ്പോയില്‍ നിര്‍ത്തിയിട്ടപ്പോഴാണ് സംഭവമുണ്ടായത്.

ചിറയിന്‍കീഴിലേത് താല്‍ക്കാലിക ബസ് സ്റ്റാന്റായതിനാല്‍ വെയ്റ്റിങ് ഷെഡ് ഉണ്ടായിരുന്നില്ല. അതിനാല്‍, യാത്രക്കാര്‍ നേരത്തെ ബസ്സിനുള്ളില്‍ കയറിയിരിക്കുക പതിവാണ്. ഇങ്ങനെ കയറിയിരുന്നപ്പോഴാണ് വനിതാ കണ്ടക്ടര്‍ യാത്രക്കാരോട് മോശമായി പെരുമാറിയത്.

താന്‍ കഴിക്കുന്ന സമയമാണിതെന്നും നിങ്ങള്‍ എല്ലാവരും ഇറങ്ങിപ്പോവണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു. എന്നാല്‍, ബഹളം കേട്ട യാത്രക്കാര്‍ ബസ്സില്‍ നിന്നിറങ്ങാന്‍ വിസമ്മതിച്ചതോടെ കണ്ടക്ടര്‍ യാത്രക്കാര്‍ക്ക് നേരേ ആക്രോശിക്കുന്നതും ഇറങ്ങിപ്പോവാന്‍ പറയുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. മോശം പെരുമാറ്റത്തിനെതിരേ പരാതി നല്‍കുമെന്ന് പറഞ്ഞപ്പോള്‍ തന്നെ ഒരു ചുക്കും ചെയ്യാനാവില്ലെന്നാണ് കണ്ടക്ടര്‍ പ്രതികരിച്ചതെന്നാണ് യാത്രക്കാര്‍ പറയുന്നത്.

Tags: