ഇന്ത്യയില്‍ ആദ്യമായി ഡിജിറ്റല്‍ ക്ലോക്ക് റൂം നടപ്പിലാക്കി കെഎസ്ആര്‍ടിസി

Update: 2026-01-08 06:45 GMT

തിരുവനന്തപുരം: ഇന്ത്യയിലെ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ആദ്യമായി ഡിജിറ്റല്‍ ക്ലോക്ക് റൂം സംവിധാനം നടപ്പിലാക്കി കെഎസ്ആര്‍ടിസി. യാത്രക്കാരുടെ ലഗേജുകള്‍ സൂക്ഷിക്കുന്നതിനായി തയ്യാറാക്കിയ സംവിധാനത്തിന്റെ ഉദ്ഘാടനം തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍ നിര്‍വ്വഹിച്ചു.

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം സെന്‍ട്രല്‍, എറണാകുളം, ആലുവ, അങ്കമാലി, കോഴിക്കോട്, കൊല്ലം, ആലപ്പുഴ, കോട്ടയം, മൂന്നാര്‍, എന്നീ ഒന്‍പത് പ്രധാന സ്‌റ്റേഷനുകളിലാണ് ഈ സേവനം ലഭ്യമാവുക. പൂര്‍ണ്ണമായും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ സംവിധാനം പഴയകാല മാനുവല്‍ രേഖപ്പെടുത്തലുകള്‍ക്ക് പകരമായി ക്യൂആര്‍ കോഡ് അല്ലെങ്കില്‍ ഡിജിറ്റല്‍ ടോക്കണ്‍ ഉപയോഗിച്ചാണ് ലഗേജുകള്‍ സ്വീകരിക്കുന്നത്. ഇത് സാധനങ്ങള്‍ മാറിപ്പോകാനോ നഷ്ടപ്പെടാനോ ഉള്ള സാധ്യതകള്‍ ഒഴിവാക്കി കൃത്യമായ ട്രാക്കിംഗ് ഉറപ്പാക്കുന്നു. സിസിടിവി നിരീക്ഷണം ഉള്‍പ്പെടെയുള്ള കര്‍ശന സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് സംവിധാനം പ്രവര്‍ത്തിക്കുന്നത്. ഈ ക്ലോക്ക് റൂമുകള്‍ വരും ദിവസങ്ങളില്‍ സംസ്ഥാനത്തെ മറ്റു ഡിപ്പോകളിലേക്കും വ്യാപിപ്പിക്കുമെന്ന് കെഎസ്ആര്‍ടിസി സിഎംഡി അറിയിച്ചു.

Tags: