കെഎസ്ആര്‍ടിസിക്ക് അല്‍പം ആശ്വാസം; ശമ്പളവിതരണത്തിന് 50 കോടി നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

Update: 2022-09-01 17:50 GMT

കൊച്ചി: കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളവിതരണത്തിനായി 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഈ തുക ഉപയോഗിച്ച് ജൂലൈ, ആഗസ്ത് മാസങ്ങളിലെ ശമ്പളത്തിന്റെ മൂന്നിലൊന്ന് വീതം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി വിധി പറയാന്‍ മാറ്റി. ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി കെഎസ്ആര്‍ടിസിക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു.

സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി. ജൂലായ്, ആഗസ്ത് മാസങ്ങളിലെ ശമ്പളവും, ഫെസ്റ്റിവല്‍ അലവന്‍സും നല്‍കാന്‍ 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയത്. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയല്ലെന്നും മറ്റ് കോര്‍പറേഷനുകളെ പോലെ ഒരു കോര്‍പറേഷന്‍ മാത്രമാണ് കെഎസ്ആര്‍ടിസി എന്നുമായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയത്.

Tags:    

Similar News