കെപിസിസി അച്ചടക്ക സമിതി പ്രഖ്യാപിച്ചു; മൂന്നംഗ സമിതിയുടെ അദ്ധ്യക്ഷനായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

എന്‍ അഴകേശന്‍, ആരിഫ സൈനുദ്ദീന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍

Update: 2021-12-25 14:08 GMT

തിരുവനന്തപുരം: കെപിസിസി അച്ചടക്ക സമിതി പ്രഖ്യാപിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണ് മൂന്നംഗ അച്ചടക്ക സമിതിയുടെ അദ്ധ്യക്ഷന്‍. എന്‍ അഴകേശന്‍, ആരിഫ സൈനുദ്ദീന്‍ എന്നിവരാണ് സമിതി അംഗങ്ങള്‍. ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള മുതിര്‍ന്ന നേതാക്കളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് അച്ചടക്ക സമിതി രൂപീകരിച്ചത്. പുനസംഘടനകളുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ തുടരുന്ന സ്വരചേര്‍ച്ചകള്‍ക്ക് ഇതോടെ അയവുവരുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

ഉമ്മന്‍ചാണ്ടിയുമായും രമേശ് ചെന്നിത്തലയുമായും കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നടത്തിയ ചര്‍ച്ചയുടെ ഫലമാണ് അടിയന്തര സമിതി രൂപീകരണമെന്നാണ് റിപോര്‍ട്ട്. പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും മുതിര്‍ന്ന നേതാക്കള്‍ ചര്‍ച്ച നടത്തിയെന്നാണ് വിവരം. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നേതൃയോഗത്തില്‍ പുനസംഘടനയ്ക്കുള്ള മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു.

അഞ്ചംഗ സമിതിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന നേതാക്കളുടെ നിര്‍ദേശങ്ങള്‍ പരിശോധിച്ചു. ഇതില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം വിളിക്കണമെന്നും അച്ചടക്കസമിതി രൂപീകരിക്കണമെന്നുമുള്ള നിര്‍ദേശങ്ങള്‍ക്ക് നേതൃത്വത്തിന്റെ അംഗീകാരം നല്‍കുകയായിരുന്നു. ഡിസിസി പുനസംഘടനക്ക് ശേഷം ഏകപക്ഷീയമായ അച്ചടക്ക നടപടികള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ അച്ചടക്കസമിതി രൂപീകരിക്കണമെന്ന ആവശ്യം ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നേരത്തെ തന്നെ ഉന്നയിച്ചിരുന്നു.

Tags: