ഹൂതികളുടെ തടവറയില്‍ നിന്ന് മോചിതനായ കോഴിക്കോട് സ്വദേശി നാട്ടിലെത്തി

Update: 2022-04-26 19:35 GMT

കോഴിക്കോട്: നാല് മാസത്തോളം ഹൂതികളുടെ തടവറയില്‍ കഴിഞ്ഞിരുന്ന കോഴിക്കോട് സ്വദേശി നാട്ടില്‍ മടങ്ങിയെത്തി. ഹൂതി വിമതര്‍ മോചിപ്പിച്ച യുഎഇ ചരക്കുകപ്പലിലെ ജീവനക്കാരനായ, മേപ്പയൂര്‍ വിളയാട്ടൂര്‍ മൂട്ടപ്പറമ്പില്‍ ദീപാഷാണ് ചൊവ്വാഴ്ച രാത്രി കോഴിക്കോടെത്തിയത്. 'ഇത് ശരിക്കും രണ്ടാം ജന്‍മമാണ്. രക്ഷപ്പെടാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി'- ഹൂതികളുടെ തടവില്‍നിന്ന് രക്ഷപ്പെട്ട് സ്വന്തം നാട്ടിലെത്തിയ ദീപാഷിന് കരിപ്പൂരില്‍ തന്നെ സ്വീകരിക്കാനെത്തിയ ബന്ധുക്കളോടും സുഹൃത്തുകളോടും പറഞ്ഞു.

ദീപാഷിനെയും മറ്റു 11 പേരെയും യെമെന്റെ പടിഞ്ഞാറന്‍ തീരമായ അല്‍ഹുദയ്ക്ക് സമീപത്തുനിന്ന് കഴിഞ്ഞ ജനുവരിയിലാണ് ഹൂതി വിമതര്‍ ബന്ദികളാക്കിയത്. കപ്പല്‍ തട്ടിയെടുക്കുന്നതിനാണ് ഇവരെ ബന്ദികളാക്കിയത്. രാത്രിയില്‍ അപ്രതീക്ഷിതമായാണ് ഹൂതി വിമതര്‍ കപ്പലിലെത്തിയത്. കപ്പലില്‍നിന്ന് ചെറുബോട്ടില്‍ കയറ്റി രണ്ടുമൂന്ന് മണിക്കൂര്‍ സഞ്ചരിച്ച് ഒരു കെട്ടിടത്തില്‍ എല്ലാവരെയും അടച്ചിടുകയായിരുന്നു. ഇന്ത്യക്കാരാണെന്ന് അറിഞ്ഞതോടെ മറ്റു ശാരീരികപീഡനങ്ങള്‍ ഇല്ലായിരുന്നുവെന്ന് ദിപാഷ് പറഞ്ഞു.

ഭക്ഷണവും വെള്ളവും വിമതര്‍ നല്‍കിയെങ്കിലും 15 ദിവസത്തിലൊരിക്കല്‍ മാത്രമേ വീട്ടുകാരുമായി സംസാരിക്കാന്‍ സൗകര്യം നല്‍കിയിരുന്നുള്ളൂ. റമദാന്‍ മാസമായതോടെ ദീപാഷും മറ്റുള്ളവരും പ്രതീക്ഷയിലായിരുന്നു. ദിപാഷിനോടൊപ്പം ബന്ദിയാക്കിയവരില്‍ ആലപ്പുഴ ഏവൂര് സ്വദേശി അഖില്‍, കോട്ടയം സ്വദേശി ശ്രീജിത്ത് എന്നീ മലയാളികളുമുണ്ടായിരന്നു. ഇവര്‍ മാസങ്ങളായി ഹൂതി വിമതസേനയുടെ ബന്ദികളാണെന്ന വാര്‍ത്ത വന്നതോടെ ഇന്ത്യന്‍ എംബസി ഈ വിഷയത്തില്‍ ഇടപെട്ടിരുന്നു. ഇന്ത്യന്‍ എംബസി അധികൃതര്‍ യെമന്‍ അധികൃതരുമായി ചര്‍ച്ച നടത്തിവരവെയാണ് ബന്ദികളെ മോചിപ്പിക്കാന്‍ ഹൂതി വിമതര്‍ തയ്യാറായത്.

Tags:    

Similar News