കെട്ടിടം ഉപയോഗശൂന്യമെന്ന മന്ത്രിയുടെ വാദം പൊളിഞ്ഞു; കോട്ടയം മെഡിക്കൽ കോളജ് അപകടത്തിൽ പ്രതികരണവുമായി ആളുകൾ
കോട്ടയം: മെഡിക്കൽ കോളജ് അപകടവുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞ വാദങ്ങൾ തെറ്റാണെന്ന് ദൃക്സാക്ഷികൾ. പൊളിഞ്ഞു വീണ കെട്ടിടത്തിലെ ശുചിമുറികൾ തങ്ങൾ ഉപയോഗിച്ചിരുന്നതാണെന്ന് രോഗികളുടെ കൂട്ടിരിപ്പുകാർ പറഞ്ഞു. രോഗിക്ക് കൂട്ടിരിപ്പിനെത്തിയ ബിന്ദു മരിച്ചത് മാത്രം മതി ആരോഗ്യരംഗത്തെ അനാസ്ഥ എന്താണെന്നു മനസിലാക്കാനും മന്ത്രിയുടെ വാദം കള്ളത്തരമെന്നു മനസിലാക്കാനുമെന്ന് അവർ പറയുന്നു.
നേരത്തെ സംഭവത്തിൽ ആശങ്ക വേണ്ടെന്നും കെട്ടിടം ഉപയോഗശൂന്യമായി കിടക്കുന്ന ഒന്നാണെന്നുമുള്ള വാദവുമായി ആരോഗ്യമന്ത്രി വീണാ ജോർജ് രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ബിന്ദുവിൻ്റെ മൃതദേഹം പുറത്തെടുത്തത്. ഇതോടെ ആളുകൾ പ്രതിഷേധവുമായി സ്ഥലത്തെത്തി. കൂടുതൽ സംഘർഷം ഇല്ലാതാക്കാൻ പോലിസ് ഇടപെടുകയായിരുന്നു.
ഇതിനു പിന്നാലെ പ്രതിപക്ഷവും വിമർശനവുമായി രംഗത്തെത്തി. കാലപ്പഴക്കം ഉണ്ടെങ്കിൽ കെട്ടിടും പൊളിച്ചു നീക്കുകയാണ് വേണ്ടത്, ന്യായീകരിക്കുകയല്ല എന്ന് പ്രതിപക്ഷ നേതാക്കാൾ ചൂണ്ടിക്കാട്ടി. പൊളിഞ്ഞു വീണ ശുചിമുറികൾ അതുവരെയും തങ്ങൾ ഉപയോഗിച്ചിരുന്നെന്നും ഭാഗ്യത്തിനാണ് രക്ഷപ്പെട്ടതെന്നും ആളുകൾ പറയുന്നു. പല ശുചിമുറികളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണെന്നും ആളുകൾ സാക്ഷ്യപ്പെടുത്തുന്നു.