കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ലോകോളജിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോളജിലെ സുരക്ഷാജീവനക്കാരനാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാല് ആയി. ഇയാള്‍ക്ക് കാര്യങ്ങളെല്ലാം അറിയുമായിരുന്നെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. കോളേജിന്റെ മുന്‍ യൂണിറ്റ് പ്രസിഡന്റായ മന്‍ജോഹിത് മിശ്ര (31), ബെയ്ബ് അഹമ്മദ് (19), പ്രമിത് മുഖോപാധ്യായ (20) എന്നിവരാണ് ആദ്യം അറസ്റ്റിലായവര്‍.
മുഖ്യപ്രതിയായ മന്‍ഹോജ് മിശ്ര കാംപസിലെ തൃണമൂലിന്റെ വിദ്യാര്‍ഥി സംഘടനയുടെ മുന്‍നേതാവാണെന്ന വിവരവും പുറത്തു വന്നിരുന്നു. സംഭവത്തില്‍ വലിയ തരത്തിലുള്ള പ്രതിഷേധമാണ് സംസ്ഥാനത്ത് ഉയര്‍ന്നു വരുന്നത്. പെണ്‍കുട്ടിക്കുണ്ടായ ഈ ദുരവസ്ഥക്കു കാരണം, സര്‍ക്കാരാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷ പ്രതിഷേധം.
ജൂണ്‍ 25ന് രാത്രി 7.30 നും 10.50 നും ഇടയിലാണ് വിദ്യാര്‍ഥിനി കോളജ് കാംപസിനുള്ളില്‍ വച്ച് പീഡനത്തിനിരയായത്. വിവാഹ അഭ്യര്‍ഥന നിരസിച്ചതിലുള്ള വൈരാഗ്യമാണ് ബലാല്‍സംഗത്തിലേക്ക് നയിച്ചതെന്നാണ് സൂചനകള്‍. അതിജീവിത തന്നെയാണ് ഇക്കാര്യം പോലിസില്‍ മൊഴി നല്‍കിയത്.