കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി കൊവിഡ് കേന്ദ്രമാകുന്നു; ആശങ്ക വേണ്ടെന്ന് നഗരസഭ

Update: 2020-06-14 14:02 GMT

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ താലൂക്ക് ഗവ. ആശുപത്രി കൊവിഡ് കേന്ദ്രമാക്കുന്നതില്‍ ഭയമോ ആശങ്കയോ ആര്‍ക്കും ഉണ്ടാകേണ്ടതില്ലെന്ന് നഗരസഭ ചെയര്‍മാന്‍ കെ ആര്‍ ജൈത്രന്‍. നഗരത്തില്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും ആശുപത്രിയുടെ നൂറ് മീറ്റര്‍ അകലത്തില്‍ യാത്ര പാടില്ലെന്നും വ്യാജപ്രചരണം വ്യാപകമായി നടക്കുന്ന സാഹചര്യത്തിലാണ് ചെയര്‍മാന്റെ വിശദീകരണം. ആശുപത്രിയില്‍ ഉണ്ടായിരുന്ന രോഗികളെയെല്ലാം സര്‍ക്കാരിന്റെ മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലേയ്ക്കും ടി.കെ.എസ്.പുരം മെഡികെയര്‍ ആശുപത്രിയിലേക്കും മാറ്റിക്കഴിഞ്ഞു. താലൂക്കാശുപത്രിയിലെ പടിഞ്ഞാറ് ഭാഗത്തുള്ള വേറിട്ട കെട്ടിടത്തിലെ വാര്‍ഡുകളിലാണ് രോഗികളെ കിടത്തുക. സര്‍ക്കാരിന്റെയും ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെയും എല്ലാ പ്രോട്ടോക്കോളും പാലിച്ചുകൊണ്ടാണ് ഇവിടെ കൊവിഡ് സെന്റര്‍ പ്രവര്‍ത്തിക്കുക.

തൃശ്ശൂര്‍ ജനറല്‍ ആശുപത്രി, ഇരിഞ്ഞാലക്കുട, ചാലക്കുടി തുടങ്ങിയ താലൂക്കാശുപത്രികളുമെല്ലാം രോഗികളുടെ വര്‍ദ്ധനവ് അനുസരിച്ച് കൊവിഡ് സെന്ററുകളാക്കി മാറ്റിയിട്ടുണ്ട്. ആശുപത്രിയില്‍ സുരക്ഷിതമായി കിടക്കുന്ന കൊവിഡ് രോഗികളില്‍ നിന്ന് പുറത്ത് പൊതുജനങ്ങളിലേയ്ക്ക് ഒരു കാരണവശാലും രോഗം പകരില്ല. ഇത്തരം പ്രചരണങ്ങളില്‍ കുടുങ്ങിപ്പോകരുത്. രോഗികളെ ചികില്‍സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരെയും ആശുപത്രിയില്‍ നിന്ന് പുറത്തു പോകാതെ അവിടെ തന്നെ താമസിപ്പിക്കും. ഒരാഴ്ച്ച കഴിഞ്ഞാല്‍ അവര്‍ 14 ദിവസം ക്വറന്റീനില്‍ ആയിരിക്കും. കടകള്‍ തുറക്കുന്നതിനോ നഗരത്തിലൂടെ യാത്ര ചെയ്യുന്നതിനോ ആരും ഭയപ്പെടേണ്ടെന്നും ഇത്തരം പ്രചരണങ്ങള്‍ നടത്തരുതെന്നും ചെയര്‍മാന്‍ ആവശ്യപ്പെട്ടു. 

Tags: