കൊച്ചി വാട്ടര്‍ മെട്രോക്ക് വികസനകുതിപ്പ്; പുതിയ രണ്ടുടെര്‍മിനലുകള്‍ ഉദ്ഘാടനം ചെയ്തു
എറണാകുളം: കൊച്ചി നഗരത്തിന്റെ അഭിമാനമായ വാട്ടര്‍ മെട്രോയില്‍ വികസനകുതിപ്പ്. മട്ടാഞ്ചേരിയിലും വില്ലിങ്ടണ്‍ ഐലന്‍ഡിലുമുള്ള പുതിയ രണ്ടു ടെര്‍മിനലുകള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ലോകശ്രദ്ധ ആകര്‍ഷിച്ച പദ്ധതിയായ കൊച്ചി വാട്ടര്‍ മെട്രോയെ അനുകരിക്കാന്‍ വിദേശ രാജ്യങ്ങള്‍ പോലും കേരളത്തെ സമീപിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
'ഇത് നമ്മുടെ നാട്ടില്‍ നടക്കില്ല' എന്ന് കരുതിയ വികസന സ്വപ്നങ്ങള്‍ ഇന്ന് യാഥാര്‍ഥ്യമായിരിക്കുന്നു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് വാട്ടര്‍ മെട്രോ,' മുഖ്യമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. പൈതൃക പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കണ്ണിയായി വാട്ടര്‍ മെട്രോ മാറുകയാണെന്നും, ടൂറിസം മേഖലയ്ക്ക് ഇതിലൂടെ വലിയ ഉണര്‍വ് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൂടുതല്‍ ടെര്‍മിനലുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണെന്നും കടമക്കുടിയിലെ സ്റ്റേഷന്‍ അന്തിമഘട്ടത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
38 കോടി രൂപ ചെലവില്‍ മട്ടാഞ്ചേരിയിലെയും വില്ലിങ്ടണ്‍ ഐലന്റിലെയും ടെര്‍മിനലുകളാണ് നിര്‍മിച്ചത്. ഡച്ച് പാലസിന് സമീപമുള്ള മട്ടാഞ്ചേരി ടെര്‍മിനല്‍ 8,000 ചതുരശ്ര അടി വിസ്തീര്‍ണത്തിലുള്ളതും ഹൈക്കോടതി ടെര്‍മിനലിന് ശേഷം വലിപ്പത്തില്‍ രണ്ടാമത്തേതുമാണ്. പഴയ ഫെറി ടെര്‍മിനലിന് സമീപമാണ് വില്ലിങ്ടണ്‍ ഐലന്റിലെ ടെര്‍മിനല്‍.
ചരിത്ര പൈതൃകത്തിന്റെ ആകര്‍ഷണം നിലനിര്‍ത്തിയുള്ള രൂപകല്‍പനയോടെയാണ് ഇരട്ട ടെര്‍മിനലുകളും നിര്‍മ്മിച്ചത്. വേലിയേറ്റത്തിന്റെ സ്വാധീനം ഒഴിവാക്കാന്‍ കായലിലേക്ക് ഇറക്കിയാണ് ടെര്‍മിനലുകള്‍ നിര്‍മിച്ചിരിക്കുന്നത് എന്നതാണ്പ്രത്യേകത.
