കൊവിഡ് പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ എം ഷാജിയുടെ ശ്രമം; കേരള ജനത ഇത്തരം ജല്‍പനങ്ങളെ പുച്ഛിച്ചുതള്ളുമെന്നും സിപിഎം

സംസ്ഥാനം കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ കെ എം ഷാജി എംഎല്‍എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Update: 2020-04-16 14:47 GMT

തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ എം ഷാജി എംഎല്‍എയെപ്പോലുള്ളവരുടെ ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. സംസ്ഥാനം കൊവിഡ് 19 എന്ന മഹാമാരിയെ നേരിടുന്ന ഘട്ടത്തില്‍ മുഖ്യമന്ത്രിക്കും സര്‍ക്കാറിനും എതിരെ കെ എം ഷാജി എംഎല്‍എ നടത്തിയ പ്രതികരണം ഒരു രാഷ്ട്രീയ നേതാവില്‍ നിന്ന് കേരളം പ്രതീക്ഷിക്കുന്നതല്ല. കേരള ജനത ഇത്തരം ജല്‍പ്പനങ്ങളെ പുച്ഛിച്ച് തള്ളും.

കൊവിഡ് 19 നേരിടുന്നതില്‍ കേരളം ഒറ്റ മനസ്സോടെ മുന്നോട്ട് പോവുകയാണ്. കേരള സര്‍ക്കാരും മുഖ്യമന്ത്രിയും ഈ കാര്യത്തില്‍ കൈക്കൊണ്ട പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരള ജനതയുടേയും ലോകത്തിന്റെയും പ്രശംസ ലഭിച്ചുകൊണ്ടിരിക്കുന്നു. സര്‍ക്കാറിന്റെ മുന്‍കരുതലകളും ഇടപെടലുകളുമാണ് ലോകത്താകെ കോവിഡ് പടര്‍ന്ന്പിടിക്കുമ്പോഴും കേരളത്തിലിത് പിടിച്ചുനിര്‍ത്താന്‍ സാധിക്കുന്നത്. കേരള ജനതയെ ഒത്തോരുമിപ്പിച്ച് മുന്നോട്ട്‌കൊണ്ടുപോകാന്‍ സാധിച്ചതുകൊണ്ടാണ് ഈ നേട്ടം നമുക്ക് കൈവരിക്കാന്‍ സാധിച്ചത്.

ലോകം ഇതുവരെ ദര്‍ശിക്കാത്ത മഹാമാരിയെ നേരിടാന്‍ ശാസ്ത്ര സാങ്കേതിക രംഗത്തെ എല്ലാ കഴിവുകളേയും ഉപയോഗിക്കേണ്ടിവരും. ലോകരാജ്യങ്ങളും ഇത്തരം സാങ്കേതിക വിദ്യ ഉപയോഗിച്ചുതന്നെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്. ഇത്തരം ഒരു സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരും ശാസ്ത്ര സാങ്കേതിക രംഗത്തെ നേട്ടങ്ങളെ കൊവിഡ് പ്രതിരോധത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ചത്. ജനങ്ങളെ സംബന്ധിക്കുന്ന ഡാറ്റ പൂര്‍ണ്ണമായും സര്‍ക്കാര്‍ സ്ഥാപനമായ സിഡിറ്റിന്റെ കൈവശമായിരിക്കും. ഇതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയതാണ്. പ്രതിപക്ഷ നേതാവും യുഡിഎഫ് നേതാക്കളും വിവാദം ഉയര്‍ത്തുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കുന്ന പണം കേസുകളുടേയും മറ്റും നടത്തിപ്പിന് നല്‍കുകയാണെന്ന ആരോപണം ശുദ്ധ അസംബന്ധമാണ്. യുഡിഎഫ് ഭരണകാലത്ത് നടത്തിയ പല വഴിവിട്ട ഇടപാടുകളും ഓര്‍മ്മയില്‍ ഉള്ളവര്‍ക്ക് എല്ലാവരും അങ്ങനെയാണെന്ന തോന്നല്‍ ഉണ്ടാവും. കേരളത്തിലെ സര്‍ക്കാരില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കുന്നതിലൂടെ വ്യക്തമാകുന്നത. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ തുരങ്കം വയ്ക്കാനാണ് കെ എം ഷാജിയെപോലുള്ളവര്‍ ശ്രമിക്കുന്നത്. കേരള ജനത ഇത്തരം ജല്‍പനങ്ങളെ പുച്ഛിച്ചുതള്ളുമെന്നും രാഷ്ട്രീയ ഭേദമന്യേ കൊവിഡിനെ നേരിടാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു. 

Tags: