വൃക്കമാറ്റം വൈകിയതിനെത്തുടര്‍ന്ന് രോഗി മരിച്ച സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇന്ന് ലഭിച്ചേക്കും

Update: 2022-06-22 03:02 GMT

തിരുവനന്തപുരം: വൃക്കമാറ്റം വൈകിയതിനെത്തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗി മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് ഇന്ന് ലഭിച്ചേക്കും. ചികില്‍സാ പിഴവ്, വൃക്ക കൈകാര്യം ചെയ്യുന്നതിലെ വീഴ്ച എന്നിവയില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് പ്രധാനമാണ്. ഇന്നലെയാണ് പോസ്റ്റ്‌മോര്‍ട്ടം നടന്നത്. സംഭവത്തില്‍ ഗുരുതര വീഴ്ച ആരോപിച്ച് മെഡിക്കല്‍ കോളജിലെ രണ്ട് വകുപ്പ് മേധാവിമാരെ സസ്‌പെന്റ് ചെയ്തിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലിസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. സുരേഷിന്റെ സഹോദരന്റെ പരാതിയിലാണ് പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, വൃക്കയടങ്ങിയ പെട്ടിയെടുത്ത് ഓടിയ അരുണ്‍ദേവ് ഉള്‍പ്പടെയുള്ളവരെ ഇന്ന് മെഡിക്കല്‍ കോളജ് പോലിസ് വിളിപ്പിച്ചിട്ടുണ്ട്. പ്രാഥമിക പരിശോധനയ്ക്ക് ശേഷമാവും കേസെടുക്കുന്നതില്‍ തീരുമാനം. അതേസമയം, ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയില്‍ കെജിഎംസിടിഎ പ്രഖ്യാപിച്ച പ്രതിഷേധ യോഗവും ഇന്നാണ്. നടപടി പിന്‍വലിക്കണമെന്നാണ് കെജിഎംസിടിഎ, ഐഎംഎ ഉള്‍പ്പടെയുള്ള സംഘടനകള്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ആരോഗ്യവകുപ്പിന്റെ നടപടിയില്‍ പ്രതിഷേധവുമായി കെജിഎംസിടിഎ രംഗത്തെത്തിയിരുന്നു. ഡോക്ടര്‍മാരെ ബലിയാടാക്കുന്ന നടപടിയാണ് സര്‍ക്കാരിന്റേതെന്നാണ് മെഡിക്കല്‍ കോളജ് അധ്യാപകരുടെ സംഘടന കുറ്റപ്പെടുത്തിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് നടപടിയെടുക്കണം. ആശുപത്രിയിലെ അപര്യാപ്തതകളെക്കുറിച്ചും അന്വേഷിക്കേണ്ടതായുണ്ട്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോവുമെന്നും കെജിഎംസിടിഎ മുന്നറിയിപ്പ് നല്‍കി. സംഭവത്തില്‍ ആരോഗ്യവകുപ്പിന്റെ സമഗ്രാന്വേഷണത്തിന്റെ ഭാഗമായുള്ള നടപടികളും ഇന്നുണ്ടായേക്കും.

Tags:    

Similar News