കര്‍ണാടകത്തിന്റെ ബഫര്‍സോണില്‍ കേരളത്തിന്റെ ഭൂമി അടയാളപ്പെടുത്തി; സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി

Update: 2022-12-31 09:41 GMT

കണ്ണൂര്‍: കേരളത്തിന്റെ ഭൂമി ഉള്‍പ്പെടുത്തി കര്‍ണാടക ബഫര്‍സോണ്‍ അടയാളപ്പെടുത്തിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. കണ്ണൂര്‍ ജില്ലാ കലക്ടറുടെ പരാതിയില്‍ സംസ്ഥാനത്തെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. കണ്ണൂര്‍ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, റൂറല്‍ പോലിസ് മേധാവി ആര്‍ മഹേഷിനോട് വിശദാംശങ്ങള്‍ തേടി. വനാതിര്‍ത്തിയില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ കേരളത്തിലേക്ക് കടന്നാണ് കര്‍ണാടക ബഫര്‍ സോണ്‍ രേഖപ്പെടുത്തിയത്. കണ്ണൂര്‍ അയ്യന്‍കുന്ന് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളാണ് കര്‍ണാടക തങ്ങളുടെ സോണില്‍ അടയാളപ്പെടുത്തിയത്.

അയ്യങ്കുന്ന് പഞ്ചായത്തില്‍ പാലത്തിന്‍കടവ്, മുടിക്കയം, ഉരുപ്പുംകുറ്റി, ബാരാപോള്‍ മേഖലകളില്‍ പതിനാലിടത്താണ് ചുവപ്പില്‍ രേഖപ്പെടുത്തിയ അടയാളങ്ങള്‍ കണ്ടെത്തിയത്. ജി പി 111 മുതല്‍ 118 വരെ നമ്പറിട്ടാണ് പാലത്തിന്‍കടവ് മുതല്‍ ബാരാപോള്‍ പദ്ധതി പ്രദേശത്തെ പാലത്തിലും റോഡുകളിലും റോഡ് ഭിത്തികളിലുമായി അടയാളങ്ങള്‍ പ്രത്യക്ഷപ്പെട്ടത്. ബഫര്‍സോണിന്റെ മറവില്‍ കേരളത്തിന്റെ സ്ഥലങ്ങള്‍ പരിസ്ഥിതിലോല മേഖലയില്‍ ഉള്‍പ്പെടുത്താന്‍ കര്‍ണാടക വനംവകുപ്പ് നീക്കം നടത്തുന്നുവെന്ന രീതിയില്‍ വ്യാഴാഴ്ച മുതല്‍ പ്രദേശത്ത് ആശങ്ക പരന്നു.

കര്‍ണാടക വനംവകുപ്പാണ് അടയാളമിടലിന് പിന്നിലെന്ന പ്രചാരണവുമുണ്ടായി. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര്‍സോണ്‍ പരിധിയായാണ് കര്‍ണാടക വനംവകുപ്പ് കേരളത്തിന്റെ ഭൂമി അടയാളപ്പെടുത്തിയത്. കര്‍ണാടകത്തിലെ മാക്കൂട്ടം ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിനടുത്താണ് അയ്യങ്കുന്ന് പഞ്ചായത്ത്. ഇവിടെ കര്‍ണാടക വനംവകുപ്പ് ഇടയ്ക്കിടെ സ്ഥലം അളക്കലും അതിര്‍ത്തി പുനര്‍നിര്‍ണയവും പുതിയ ജണ്ട നിര്‍മാണവും നടത്താറുണ്ട്. ചില കുടുംബങ്ങളെ കുടിയൊഴിപ്പിക്കാനും നീക്കമുണ്ടായിരുന്നു. കര്‍ണാടകയുടെ നടപടി സംബന്ധിച്ച് കേരള സര്‍ക്കാരിനോ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കോ കൃത്യമായ വിവരം ലഭിച്ചിരുന്നില്ല.

കര്‍ണാടക വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അടയാളപ്പെടുത്തലുകള്‍ ഒന്നും നടത്തിയിട്ടില്ലെന്ന് അറിയിച്ചതായി കണ്ണൂര്‍ ഡിഎഫ്ഒ പറഞ്ഞു. മടിക്കേരി, കൂര്‍ഗ് ഡിഎഫ്ഒമാരാണ് ഇക്കാര്യം വ്യക്തമാക്കിയതെന്നും അദ്ദേഹം പറയുന്നു. കലക്ടറുടെ നിര്‍ദേശപ്രകാരം ഇരിട്ടി തഹസില്‍ദാരുടെ നേതൃത്വത്തില്‍ റവന്യൂ സംഘം പരിശോധന നടത്തി. പൊലീസും അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ ഫഌയിങ് സ്‌ക്വാഡ് ഡിഎഫ്ഒ അജിത്ത് കെ രാമന്റെ നേതൃത്വത്തില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും വിവരം ശേഖരിച്ചു. സര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ഡിഎഫ്ഒ പി കാര്‍തിക്, എഡിഎം കെ കെ ദിവാകരന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഉന്നത വനം- റവന്യു സംഘം ശനിയാഴ്ച സ്ഥലങ്ങള്‍ സന്ദര്‍ശിക്കും.

Tags: