സംഘ്പരിവാറിനുവേണ്ടി മതനേതാക്കളെ വിലയ്‌ക്കെടുത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍

Update: 2021-09-13 17:21 GMT

കോട്ടയം: കേരളത്തില്‍ ന്യൂനപക്ഷങ്ങളെ തമ്മിലടിപ്പിച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുകയെന്നുള്ള പരീക്ഷണത്തിന്റെ തുടര്‍ച്ചയാണ് സംഘപരിവാര്‍ ചില പ്രമുഖരായ മതനേതാക്കന്മാരെ വിലയ്‌ക്കെടുത്ത് വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന് കേരള മുസ് ലിം ജമാഅത്ത് കൗണ്‍സില്‍ കോട്ടയം ജില്ലാ കമ്മിറ്റി. അതിനെതിരെ ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ ഒന്നിച്ചു നില്‍ക്കണം. വിചാരധാര വായിക്കാത്ത ചിലര്‍ താല്‍ക്കാലിക ലാഭത്തിനുവേണ്ടി ഹിന്ദുത്വ അജണ്ട ഇവിടെ നടപ്പിലാക്കാന്‍ ശ്രമിക്കുന്നത് ഖേദകരമാണ്. മുസ്‌ലിം സമുദായത്തെ ഒന്നടങ്കം ആക്ഷേപിച്ചശേഷം കെസിബിസിയും പാലാ സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കനും ഇരിഞ്ഞാലക്കുട ബിഷപ്പുമെല്ലാം പിന്നെയും അതിനെ ന്യായീകരിക്കുന്നത് വ്രണിത ഹൃദയങ്ങളെ കൂടുതല്‍ മുറിവേല്‍പ്പിക്കുയുള്ളു. യൂട്യൂബിലൂടെയും മറ്റു സമൂഹമാധ്യമങ്ങളിലൂടെയും മുസ്‌ലിം സമുദായത്തിനെതിരെ നടക്കുന്ന വിദ്വേഷ പ്രചരണങ്ങള്‍ അവസാനിപ്പിക്കാനായി അതിന് ആക്കം കൂട്ടുവാന്‍ ശ്രമിച്ച ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യൂഹാനോന്‍ മാര്‍ മിലീത്തിയോസ്, ഫാദര്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ് തുടങ്ങി വിവിധ മത സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പാലാ ബിഷപ്പിന്റെ വാക്കുകളെ തള്ളിപ്പറഞ്ഞത് വലിയ പ്രതീക്ഷ നല്‍കുന്നു. കേരളത്തിലെ മതസൗഹാര്‍ദ്ദം തകര്‍ക്കാനും മനുഷ്യരെ തമ്മിലടിപ്പിക്കാനും സംഘപരിവാര്‍ അജണ്ടയുടെ പിറകെ ഒരു വിഭാഗം പുരോഹിതന്മാര്‍ പോകുമ്പോള്‍ അവര്‍ക്കിടയില്‍ നിന്ന് തിരുത്തിന്റേയും വിവേകത്തിന്റെയും ശബ്ദമുയരുന്നത് ആശാവഹമാണെന്നും യോഗം വിലയിരുത്തി.

കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് പരിഷ്‌കരിച്ച നിലപാടിനെ അനുകൂലിക്കുന്ന ഗവര്‍ണറുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും കാവിവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ടുള്ള സിലബസ് പിന്‍വലിക്കണമെന്നും പഠന ബോര്‍ഡ് ചേരാതെ സിലബസില്‍ അംഗീകാരം നല്‍കിയ നടപടി ശരിയല്ലെന്നും യോഗം ആരോപിച്ചു.

യോഗം സംസ്ഥാന പ്രസിഡന്റ് അഡ്വക്കറ്റ് എം താജുദ്ദീന്‍ ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് എം. ബി അമീന്‍ഷാ അധ്യക്ഷത വഹിച്ചു ജില്ലാ സെക്രട്ടറി പി.എസ് ഹുസൈന്‍, നന്തിയോട് ബഷീര്‍, വി. ഓ അബൂസാലി, തമ്പികുട്ടീ പാറത്തോട്, ടിപ്പു മൗലാന, എന്‍.എ ഹബീബ്, സമീര്‍ മൗലാന, മുഹമ്മദ് കണ്ടത്ത് തുടങ്ങിയവര്‍ സംസാരിച്ചു. 

Tags:    

Similar News