കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

Update: 2022-08-30 01:39 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കാസര്‍കോട് ഒഴികെയുള്ള 13 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് മലയോര മേഖലയില്‍ കൂടുതല്‍ ജാഗ്രത വേണം. കേരള തീരത്ത് മല്‍സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കേരളത്തിന് സമീപത്തും ബംഗാള്‍ ഉള്‍ക്കടലിലും നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുമാണ് മഴ ശക്തമാവാന്‍ കാരണം. അടുത്ത മൂന്നുമണിക്കൂറില്‍ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കോട്ടയം എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴ തുടരുകയാണ്. പത്തനംതിട്ടയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മലയോര മേഖലകളില്‍ മഴ ഇപ്പോഴും കനത്ത മഴയാണ്. ജില്ലയില്‍ മഴക്കെടുത്തിയില്‍ ഒരു മരണവും റിപോര്‍ട്ട് ചെയ്തു. ഒറ്റപ്പെട്ട മഴ തുടരുന്നതിനാല്‍ പത്തനംതിട്ട ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍, സര്‍വകലാശാലാ പരീക്ഷകള്‍ക്ക് മാറ്റമില്ല. പത്തനംതിട്ട എസ്പി ഓഫിസിനു സമീപത്തെ വെള്ളകെട്ടില്‍ വീണാണ് ബൈക്ക് യാത്രക്കാരനായ പീരുമേട് സ്വദേശി സജീവ് മരിച്ചത്.

ഒപ്പം യാത്ര ചെയ്തിരുന്ന പീരുമേട് സ്വദേശി സതീഷിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ശബരിമലയില്‍ ഉള്‍വനത്തില്‍ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് പമ്പ ത്രിവേണിയില്‍ വെള്ളം കയറി. കക്കാട്ടാറിലും മണിമലയാറിലും ജലനിരപ്പ് ഉയര്‍ന്നു. ഇന്നലെ പുലര്‍ച്ചെ പെയ്ത ശക്തമായ മഴയില്‍ വെള്ളം കയറിയ ഇടങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്. മുന്‍കരുതലിന്റെ ഭാഗമായി ആരക്കോണത്ത് നിന്നുള്ള എന്‍ഡിആര്‍എഫ് സംഘം ഇന്ന് ജില്ലയിലെത്തും.

വെള്ളക്കെട്ടില്‍ നിന്നുള്ള ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം തീക്കോയില്‍ ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. തീക്കോയ് സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥിനികളാണ് സ്‌കൂളില്‍ നിന്നും തിരികെ വരുന്നതിനിടെ റോഡിലെ ഒഴുക്കില്‍ കാല്‍ വഴുതി വീണത്. ശക്തമായ ഒഴുക്കില്‍ അതിവേഗം ഇവര്‍ താഴോട്ട് പോയി. വിദ്യാര്‍ഥിനികള്‍ ഒഴുക്കില്‍പ്പെട്ടത് കണ്ട് ഓടിയെത്തിയ അയല്‍വാസിയായ റിട്ടേയേര്‍ഡ് അധ്യാപകന്‍ ഇരുവരേയും രക്ഷിക്കുകയായിരുന്നു. മീനച്ചിലാറ്റില്‍ നിന്നും കേവലം 25 മീറ്റര്‍ അകലെ വച്ചാണ് ഇരുവരെയും രക്ഷപ്പെടുത്തിയത്.

Tags:    

Similar News