കേരളം ഉറ്റുനോക്കുന്നത് വിവേചനമില്ലാത്ത വികസനം: ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാം

Update: 2020-12-23 13:49 GMT

ദമ്മാം:കേരളം ഉറ്റു നോക്കുന്നത് വിവേചനമില്ലാത്ത വികസനമെന്ന എസ്.ഡി.പി.ഐയുടെ കാഴ്ചപ്പാടുകളെയായിരിക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട്. തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ 102 സീറ്റ് നേടിയ എസ്.ഡി.പി.ഐയുടെ വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാമില്‍ സംഘടിപ്പിച്ച ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘപരിവാറും മുസ്ലിം ലീഗും സിപിഎമ്മും അടക്കമുള്ള ഇടത് വലത് മുന്നണികളുടെ പണിയാളുകള്‍ എസ്.ഡി.പിഐക്കെതിരെ വീട് വീടാന്തരം കയറി ഇറങ്ങി ദുഷ്പ്രചാരണം നടത്തിയിട്ടും കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ എസ്.ഡി.പി.ഐയെ നെഞ്ചേറ്റിയതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് 47 ല്‍ നിന്ന് 102 സീറ്റിലേക്കുള്ള എസ്.ഡി.പി.ഐ യുടെ വളര്‍ച്ചയെന്നു അദ്ദേഹം പറഞ്ഞു.


ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐക്കുണ്ടായ വന്‍ മുന്നേറ്റം സംഘപരിവാര്‍ ഫാഷിസ്റ്റുകള്‍ക്കും അവരുടെ കുറുമുന്നണികള്‍ക്കും ഞെട്ടലുണ്ടാക്കുന്നത് സ്വാഭാവികമാണെന്ന് ഇന്ത്യന്‍സോഷ്യല്‍ ഫോറം ദമ്മാം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം പറഞ്ഞു. വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യം ജനങ്ങള്‍ ഏറ്റെടുത്തതിന്റെ ഉദാഹരണമാണ് പാര്‍ട്ടിയുടെ തിളക്കമാര്‍ന്ന വിജയം. ഫാഷിസത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഈ പ്രസ്ഥാനത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞ സഹോദരന്മാരുടെ രക്ത തുള്ളികള്‍ പാഴാവുകയില്ല എന്നാണു ഈ വിജയം നല്‍കുന്ന സൂചന. നമ്മുടെ ഓരോ പ്രവര്‍ത്തകന്റെയും ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനത്തിന്റെ ഫലമായി ഭാവിയില്‍ അതിനു പരിപൂര്‍ണ്ണമായ ഫലം ഉണ്ടാകുമെന്നും, ഈ വിജയത്തില്‍ വോട്ടര്‍മാരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും അബ്ദുല്‍ സലാം പറഞ്ഞു. പരിപാടിയില്‍ ഫോറം റയ്യാന്‍ ബ്ലോക്ക് പ്രസിഡന്റ് അലി മാങ്ങാട്ടൂര്‍ അദ്ധ്യക്ഷത വഹിച്ചു. സ്‌റ്റേറ്റ് കമ്മിറ്റി സെക്രട്ടറി അന്‍സാര്‍ കോട്ടയം, കമ്മ്യുണിറ്റി വിഭാഗം കണ്‍വീനര്‍ കുഞ്ഞിക്കോയ താനൂര്‍, ഇന്ത്യ ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസകുട്ടി കുന്നേക്കാടന്‍, ദമ്മാം ചാപ്റ്റര്‍ സെക്രട്ടറി നസീര്‍ ആലുവ സംസാരിച്ചു. ഖാലിദ് ബാഖവി, റിയാസ്, അന്‍ഷാദ്, ഷംസുദ്ദീന്‍, സൈഫുദിന്‍, നിഷാദ് നേതൃത്വം നല്‍കി.




Tags:    

Similar News