പനി ബാധിതരുടെ എണ്ണം പെരുകുന്നു: സര്‍ക്കാര്‍ ജാഗ്രത പാലിക്കണം- പി ജമീല

Update: 2024-07-04 14:28 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുമ്പോൾ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിൽ അലംഭാവം വെടിഞ്ഞ് സർക്കാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി പി ജമീല. മഴക്കാല പൂര്‍വ ശുചീകരണമുള്‍പ്പെടെയുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയത് പനി ഉള്‍പ്പെടെയുള്ള പകര്‍ച്ചവ്യാധികള്‍ പെരുകാന്‍ കാരണമായി. മെയ് മാസത്തെ അപേക്ഷിച്ച് നാലിരട്ടി എച്ച്1എന്‍1 കേസുകളും രണ്ടിരട്ടി ഡെങ്കി കേസുകളുമായിരുന്നു ജൂണില്‍ റിപോര്‍ട്ട് ചെയ്തത്. ജൂലൈയില്‍ രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരാന്‍ സാധ്യത ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് തന്നെ വിലയിരുത്തുന്നത്. അതേസമയം സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും വീഴ്ച മറച്ചുവെക്കുന്നതിന് കണക്കുകള്‍ മൂടിവെക്കാനുള്ള അധികൃതരുടെ ശ്രമം അപഹാസ്യമാണ്. സംസ്ഥാനത്ത് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടവരുടെ കണക്കുകള്‍ എല്ലാ ദിവസവും ഡിഎച്ച്എസ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്നു ദിവസമായി അപ്‌ഡേറ്റ് ചെയ്തിട്ടില്ല. ഏറ്റവും ഒടുവിലായി ജൂണ്‍ 30നാണ് സംസ്ഥാനത്ത് വിവിധ പകര്‍ച്ചവ്യാധികള്‍ പിടിപ്പെട്ടവരുടെ കണക്കുകള്‍ പ്രസിദ്ധീകരിച്ചത്. ആരോഗ്യരംഗത്തെ നമ്പര്‍ വണ്‍ എന്നു മേനി നടിക്കുന്ന സംസ്ഥാനത്തിന് ഇത്തരം സംഭവങ്ങൾ ആരോഗ്യകരമല്ലെന്നും പി ജമീല കുറ്റപ്പെടുത്തി.

Tags: