കെനിയന്‍ ആഡംബര ഹോട്ടലില്‍ ആക്രമണം; 9 അല്‍ഷബാബ് പോരാളികള്‍ പിടിയിലെന്ന്

ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നടപടിക്കെതിരേയുള്ള പ്രതിഷേധമാണ് ഹോട്ടല്‍ ആക്രമണമെന്ന് അല്‍ ഷബാബ് പ്രസ്താവിച്ചിരുന്നു.

Update: 2019-01-17 15:06 GMT

നെയ്‌റോബി: കെനിയന്‍ തലസ്ഥാനമായ നെയ്‌റോബിയിലെ 21 പേര്‍ കൊല്ലപ്പെട്ട ആഡംബര ഹോട്ടലിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒമ്പത് അല്‍ ഷബാബ് പ്രവര്‍ത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പോലിസ് നടത്തിയ തിരച്ചിലിലാണ് ഹോട്ടലില്‍ ആക്രമണം നടത്താന്‍ സായുധരെ സഹായിച്ച ഒമ്പതുപേരെ പിടികൂടിയത്. കഴിഞ്ഞദിവസമാണ് ഡുസിട്ട്ഡി2 എന്ന ആഡംബര ഹോട്ടലിനു നേരെ സായുധര്‍ ആക്രമണം നടത്തിയത്. വെസ്റ്റ്‌ലാന്‍ഡ്‌സ് ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഹോട്ടലും ഓഫിസുകളും വീടുകളും ഉള്‍കൊള്ളുന്ന സമുച്ചയത്തിനു നേരെ സായുധര്‍ സ്‌ഫോടനവും വെടിവയ്പ്പും നടത്തുകയായിരുന്നു. ആക്രമണത്തില്‍ 21പേര്‍ മരിക്കുകയും പോലിസ് തിരിച്ചടിയില്‍ അഞ്ചു സായുധര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ജറുസലേമിനെ ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ച യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ നടപടിക്കെതിരേയുള്ള പ്രതിഷേധമാണ് ഹോട്ടല്‍ ആക്രമണമെന്ന് അല്‍ ഷബാബ് പ്രസ്താവിച്ചിരുന്നു. ആക്രമണത്തില്‍ ഒരു യുഎസ് പൗരനും കൊല്ലപ്പെട്ടിരുന്നു.

Tags: