കതിരൂര്‍ മനോജ് വധം: വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ആവശ്യം സുപ്രിംകോടതി തള്ളി

Update: 2022-11-23 09:03 GMT

ന്യൂഡല്‍ഹി: കണ്ണൂരില്‍ ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സിബിഐയുടെ ഹരജി സുപ്രിംകോടതി തള്ളി. വിചാരണ മാറ്റണമെന്ന സിബിഐയുടെ ആവശ്യം രാഷ്ട്രീയപരമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കേസില്‍ പ്രതികള്‍ക്കുമേല്‍ കുറ്റം ചുമത്തുന്ന നടപടി നാല് മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രിംകോടതി കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയോട് നിര്‍ദേശിച്ചു. വിചാരണ കോടതി നടപടികളുടെ തല്‍സ്ഥിതി റിപോര്‍ട്ട് നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു.

കേസിന്റെ വിചാരണ എറണാകുളത്ത് നിന്നും കര്‍ണാടകത്തിലേക്കോ തമിഴ്‌നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സിബിഐയുടെ ആവശ്യം. നേരത്തെ, കേസിന്റെ നടപടികള്‍ തലശ്ശേരിയില്‍ നിന്നും എറണാകുളത്തേക്ക് മാറ്റി സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് സിബിഐ വീണ്ടും ഹരജി നല്‍കിയത്. കേസിന്റെ വിചാരണ കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള ട്രാന്‍സ്ഫര്‍ ഹരജിയില്‍ പി ജയരാജന്‍ ഉള്‍പ്പെടെയുള്ള പ്രതികളെ കക്ഷിചേര്‍ക്കാന്‍ നല്‍കിയ അപേക്ഷ പരിഗണിക്കവെയാണ് സിബിഐക്കെതിരേ സുപ്രിംകോടതി രൂക്ഷവിമര്‍ശനമുന്നയിച്ചത്.

സിബിഐ കോടതിയിലാണ് വിചാരണ നടക്കുന്നത്. അതിനാല്‍, വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റാന്‍ ആവശ്യപ്പെടുന്നതുവഴി സിബിഐ ഒരു സന്ദേശമാണ് നല്‍കുന്നതെന്ന് ജസ്റ്റിസുമാരായ കൃഷ്ണ മുരാരി, എസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ പ്രതികള്‍ വിചാരണാ കോടതി ജഡ്ജിയെ സ്വാധീനിക്കുമോ എന്ന ആശങ്കയാണോ സിബിഐയ്ക്കുള്ളതെന്നും സുപ്രിംകോടതി ആരാഞ്ഞു. 2014ല്‍ നടന്ന കൊലപാതകത്തില്‍ എന്തുകൊണ്ടാണ് വിചാരണ ഇത്രയും വൈകിയതെന്ന് കോടതി ആരാഞ്ഞു.

വിചാരണ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റണമെന്ന ഹരജി 2018 മുതല്‍ സുപ്രിംകോടതിയുടെ പരിഗണനയിലാണെന്ന് സിബിഐയുടെ അഭിഭാഷക ചൂണ്ടിക്കാട്ടി. വിചാരണ വൈകാന്‍ ഇത്തരം ഹരജികളും കാരണമല്ലേയെന്ന് കോടതി ആരാഞ്ഞു. പ്രതികള്‍ക്കെതിരേ കുറ്റം ചുമത്തുന്ന നടപടിക്രമം മാത്രമാണ് ഇപ്പോഴും സിബിഐ കോടതിയില്‍ പുരോഗമിക്കുന്നതെന്ന് സിബിഐക്കുവേണ്ടി ഹാജരായ അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭട്ടി വാദിച്ചു. ഇതുവരെയും ഇത് പൂര്‍ത്തിയായില്ലെന്നും അവര്‍ ആരോപിച്ചു.

തുടര്‍ന്നാണ് നാലുമാസത്തിനുള്ളില്‍ കുറ്റം ചുമത്തുന്ന നടപടി പൂര്‍ത്തിയാക്കാന്‍ സുപ്രിംകോടതി നിര്‍ദേശിച്ചത്. അതിന്റെ പുരോഗതി വിചാരണാ കോടതി ജഡ്ജി നാലുമാസത്തിനുശേഷം കോടതിയെ അറിയിക്കാനും സുപ്രിംകോടതി നിര്‍ദേശിച്ചു. ട്രാന്‍സ്ഫര്‍ ഹരജിയെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ ശക്തമായി എതിര്‍ത്തു. സീനിയര്‍ അഭിഭാഷകന്‍ ഹരേന്‍ പി റാവല്‍, സ്റ്റാന്‍ഡിങ് കോണ്‍സല്‍ ഹര്‍ഷദ് വി ഹമീദ് എന്നിവരാണ് സംസ്ഥാന സര്‍ക്കാരിനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത്.

Tags:    

Similar News