കശ്മീര്‍: തടവില്‍ കഴിഞ്ഞ അഞ്ച് നേതാക്കളെ മോചിപ്പിച്ചു; പ്രമുഖര്‍ വീട്ടുതടങ്കലില്‍ തുടരുന്നു

നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും തടവില്‍ തുടരുകയാണ്.

Update: 2019-12-30 15:08 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേകാവകാശങ്ങള്‍ റദ്ദാക്കിയതിന് ശേഷം തടങ്കലില്‍ കഴിയുന്ന അഞ്ച് രാഷ്ട്രീയ നേതാക്കളെ മോചിപ്പിച്ചു. സഹൂര്‍ മിര്‍ ഗുലാം നബി ഭട്ട്, ഇഷ്ഫാഖ് ജബ്ബാര്‍, യാസിര്‍ റെഷി, ബഷിര്‍ മിര്‍ എന്നിവരെയാണ് മോചിപ്പിച്ചത്. എംഎല്‍എ ഹോസ്റ്റലിലാണ് ഇവരെ തടവിലാക്കിയിരുന്നത്. കഴിഞ്ഞ അഞ്ച് മാസമായി ഇവര്‍ തടങ്കലില്‍ കഴിയുകയായിരുന്നു.

അതേസമയം, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷനും എംപിയും മുന്‍ മുഖ്യമന്ത്രിയുമായ ഫാറൂഖ് അബ്ദുല്ല, മകനും മുന്‍ മുഖ്യമന്ത്രിയുമായ ഉമര്‍ അബ്ദുല്ല, പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹ്ബൂബ മുഫ്തി എന്നിവര്‍ ഇപ്പോഴും  തടവില്‍ തുടരുകയാണ്. കൂടാതെ മുന്‍ മന്ത്രിമാരും എംഎല്‍എമാരുമടക്കം 30ലധികം പേരെയാണ് ഇവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.  ഇവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഇവരുടെ മോചനത്തെ സംബന്ധിച്ച് കൃത്യമായ വിശദീകരണം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടില്ല. 'ഉചിതമായ' സമയത്ത് മോചിപ്പിക്കുമെന്നാണ് വിശദീകരണം.

കഴിഞ്ഞ ആഗസ്ത് അഞ്ച് മുതല്‍ ജമ്മുകശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും വീട്ടുതടങ്കലിലാണ്. ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കുകയും സംസ്ഥാനത്തെ വിഭജിച്ച് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്ത സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളുടെ ഭാഗമായാണ് മെഹബൂബ മുഫ്തി ഉള്‍പ്പടെയുളള രാഷ്ട്രീയ നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്.


Tags:    

Similar News