കശ്മീര്‍; പ്രധാനമന്ത്രിയുടെ സര്‍വകക്ഷി യോഗത്തിലേക്ക് 14 നേതാക്കള്‍ക്ക് ക്ഷണം

കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, തിരഞ്ഞെടുപ്പ് നടത്തല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളാകും യോഗത്തില്‍ പരിഗണിക്കുക.

Update: 2021-06-20 05:12 GMT

ന്യൂഡല്‍ഹി: കശ്മീര്‍ വിഷയത്തില്‍ പ്രധാനമന്ത്രി വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ സംസ്ഥാനത്തെ മുതിര്‍ന്ന 14 നേതാക്കള്‍ക്ക് ക്ഷണം. ഗുപ്ക്കര്‍ സഖ്യത്തിലെ നേതാക്കള്‍ ഉള്‍പ്പടെയുള്ളവരെയാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറി യോഗത്തിലേയ്ക്ക് ഔദ്യോഗികമായി ക്ഷണിച്ചത്.

കശ്മീരിന്റെ സംസ്ഥാനപദവിയും 370 ആം വകുപ്പും റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തെ നേതാക്കളുമായി ആശയവിനിയമം നടത്തുന്നത്. വ്യാഴാഴ്ച നടക്കുന്ന സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാന്‍ ഫറൂഖ് അബ്ദുല്ല, ഉമര്‍ അബ്ദുല്ല, മെഹബൂബ മുഫ്തി, ഗുലാം നബി ആസാദ്, യൂസുഫ് തരിഗാമി, ഉള്‍പ്പടെയുള്ള 14 നേതാക്കളെ ആഭ്യന്തര സെക്രട്ടറി ക്ഷണിച്ചു. കശ്മീരിന്റെ സംസ്ഥാന പദവി പുനഃസ്ഥാപിക്കല്‍, തിരഞ്ഞെടുപ്പ് നടത്തല്‍ തുടങ്ങിയ സുപ്രധാന വിഷയങ്ങളാകും യോഗത്തില്‍ പരിഗണിക്കുക. ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മുതിര്‍ന്ന ഇന്റലിജന്‍സ് ഓഫിസര്‍മാര്‍ എന്നിവരുമായി ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തിയിരുന്നു.

2019 ഓഗസ്റ്റിലാണ് ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിന്റെ പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. തുടര്‍ന്ന് സംസ്ഥാനത്തെ ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തു. ഇതിനു പിന്നാലെ ജമ്മു കശ്മീരിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളെയെല്ലാം കേന്ദ്ര സര്‍ക്കാര്‍ തടങ്കലിലാക്കിയിരുന്നു. കശ്മീരില്‍ ബിജെപി ഒഴികെയുള്ള പ്രധാന രാഷ്ട്രീയ പാര്‍ട്ടികളെല്ലാം ചേര്‍ന്ന് ഗുപ്കര്‍ സഖ്യത്തിന് രൂപം നല്‍കിയിട്ടുണ്ട്.

Tags:    

Similar News