കേരളത്തിന്റെ ഡല്‍ഹി സമരത്തിന് പൂര്‍ണ പിന്തുണയെന്ന് കര്‍ണാടക കോണ്‍ഗ്രസ്

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ മോദി സർക്കാർ ഞെരുക്കുകയാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

Update: 2024-02-07 15:13 GMT

ന്യൂഡല്‍ഹി: കേരളാ സര്‍ക്കാരിന്റെ ഡല്‍ഹി സമരത്തിന് പൂര്‍ണ പിന്തുണയെന്ന് കര്‍ണാടക. ജന്തര്‍മന്തറില്‍ ഇന്നു നടന്ന പ്രതിഷേധ ധര്‍ണയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറാണ് കേരളത്തിന്റെ സമരത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മോദി സര്‍ക്കാര്‍ ഞെരുക്കുകയാണെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

    കേന്ദ്രസര്‍ക്കാറിനെതിരെയുള്ള സംസ്ഥാനങ്ങളുടെ സമരങ്ങള്‍ക്കാണ് ഡല്‍ഹിയില്‍ തുടക്കമായത്. രാവിലെ 11ന് തുടങ്ങിയ ചലോ ഡല്‍ഹി പ്രതിഷേധ ധര്‍ണ ഉച്ചയ്ക്ക് സമാപിച്ചു. കോണ്‍ഗ്രസിന്റെ കൊടിയോ പേരോ എവിടെയും ഉപയോഗിക്കാതെ സംസ്ഥാനത്തിന്റെ ബാനറിലാണ് ഭരണപക്ഷ നേതാക്കള്‍ സമരമിരുന്നത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിന്റെ 135 എംഎല്‍എമാര്‍, 30 എംഎല്‍സിമാര്‍, 5 എംപിമാര്‍ എന്നിവരടക്കം ഇരുന്നൂറോളം നേതാക്കള്‍ പങ്കെടുത്തു. മറ്റുപാര്‍ട്ടികളില്‍ നിന്നും ആരും സമരത്തിനെത്തിയില്ല. രാജ്യത്ത് കേന്ദ്രസര്‍ക്കാറിന് ഏറ്റവും കൂടുതല്‍ നികുതി നല്‍കുന്ന രണ്ടാമത്തെ സംസ്ഥാനമായിട്ടും കര്‍ണാടകയോട് വിവേചനം കാണിക്കുകയാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. നാളത്തെ കേരളത്തിന്റെ സമരത്തില്‍ നിന്ന് കോണ്‍ഗ്രസ് വിട്ടു നില്‍ക്കുകയാണെങ്കിലും പൂര്‍ണ പിന്തുണയുണ്ടെന്ന് ഉപമുഖ്യമന്ത്രി ഡികെ ശിവകുമാര്‍ വ്യക്തമാക്കി.

Tags: