സിപിഎം തുടർച്ചയായി അവഗണിച്ചു; കാരാട്ട് റസാഖ് മുസ് ലിം ലീഗ് അംഗത്വം സ്വീകരിച്ചു
കോഴിക്കോട്: കൊടുവള്ളി മുൻ എംഎൽഎ കാരാട്ട് റസാഖ് മുസ് ലിം ലീഗ് അംഗത്വം സ്വീകരിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, മുൻ മന്ത്രി എം കെ മുനീർ എന്നിവർക്കൊപ്പമാണ് റസാഖ് പാണക്കാട്ടെത്തിയത്.
തറവാട്ടിലേയ്ക്ക് തിരിച്ചുവന്ന് മാതൃസംഘടനയിൽ പ്രവർത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് റസാഖ് മാധ്യമങ്ങളോട് വ്യക്തമാക്കി.
ലീഗ് വിട്ട കാരാട്ട് റസാക്ക് 2016ൽ കൊടുവള്ളിയിൽ സിപിഎം പിന്തുണയോടെ സ്വതന്ത്രനായി നിന്ന് ജയിച്ചിരുന്നു. എന്നാൽ 2021ൽ എം കെ മുനീറിനോട് പരാജയപ്പെട്ടു.
2021ലെ തോൽവിക്കുശേഷം സിപിഎം തുടർച്ചയായി അവഗണിച്ചു. സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിരുന്നെന്നും വഞ്ചനയിൽ പ്രതിഷേധിച്ചാണ് മാതൃ സംഘടനയിലേയ്ക്ക് തിരിച്ചുപോകുന്നതെന്നും റസാഖ് പറഞ്ഞു.