കറാച്ചി വിമാനാപകടം: മരിച്ചവരുടെ എണ്ണം 92 ആയി

Update: 2020-05-23 01:36 GMT

ഇസ്‌ലാമാബാദ്: പാകിസ്താനിലെ കറാച്ചിയില്‍ വെള്ളിയാഴ്ച നടന്ന വിമാനാപകടത്തില്‍ മരിച്ചവരുടെ എണ്ണം 92 ആയി. പാകിസ്താന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന്റെ വിമാനമാണ് കറാച്ചിയില്‍ വീടുകള്‍ക്കു മുകളില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ രണ്ട് പുരുഷന്മാര്‍ രക്ഷപ്പെട്ടിട്ടുണ്ട്. മൂന്നു പേര്‍ രക്ഷപ്പെട്ടതായും സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്.

ആരോഗ്യമന്ത്രാലയം വക്താവ് മീരാന്‍ യൂസുഫ് നല്‍കുന്ന വിവരമനുസരിച്ച് 60 പേരുടെ മൃതദഹേങ്ങള്‍ ജിന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കല്‍ സെന്ററില്‍ സൂക്ഷിച്ചിട്ടുണ്ട്. 32 പേരുടെ മൃതദേഹം കറാച്ചി സിവില്‍ ആശുപത്രിയിലാണ് ഉള്ളത്.

ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് പോകുന്ന എ320 എയര്‍ബസ്സില്‍ 91 യാത്രക്കാരും 8 വിമാനജോലിക്കാരുമാണ് ഉണ്ടായിരുന്നത്. വിമാനത്താവളത്തിന് ഏതാനും കിലോമീറ്റര്‍ അടുത്തുവച്ച് വിമാനം ലാന്റ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടനം നടന്നതെന്ന് കരുതുന്നു. ഒരു പൊട്ടിത്തെറിയും കറുത്ത പുകയും ആകാശത്തുനിന്ന് ഉയര്‍ന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. തൊട്ടടുത്ത കെട്ടിയത്തിലെ സിസിടിവിയില്‍ നിന്നാണ് ദൃശ്യങ്ങള്‍ ശേഖരിച്ചത്. വിമാനം ഒരു മൊബൈല്‍ ടവറില്‍ ഇടിച്ചശേഷമാണ് വീടുകള്‍ക്കു മുകളില്‍ തകര്‍ന്നുവീണതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. വീടുകള്‍ക്കു മുകളിലാണ് വിമാനം തകര്‍ന്നുവീണതെന്നതുകൊണ്ട് മറ്റാര്‍ക്കെങ്കിലും അപകടം പറ്റിയിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

വിമാനത്തിലെ രണ്ട് എഞ്ചിനുകളും കേടുവന്നതായി വിമാനത്തിലെ പൈലറ്റുമാരിലൊരാള്‍ എയര്‍ട്രാഫിക് കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വിമാനം തടര്‍ന്നതിനു പിന്നില്‍ ഇതും ഒരു കാരണമാവാം എന്നും കരുതുന്നു. അപകടം നടന്ന ഉടന്‍ ആരോഗ്യമന്ത്രാലയം കറാച്ചി ആശുപത്രികളില്‍ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. വിമാനാപകടത്തെ കുറിച്ച് പഠിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ നാലംഗ ടീമിനെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. എയര്‍ കമാന്റര്‍ ഉസ്മാന്‍ ഘാനിയാണ് ടീമിനെ നയിക്കുന്നത്. 

Tags:    

Similar News