കാൺപൂരില്‍ ആറു വയസ്സുകാരിയെ കൊലപ്പെടുത്തി: കുടുംബത്തിന് യുപി സര്‍ക്കാര്‍ 5 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

Update: 2020-11-15 18:42 GMT

കാൺപൂര്‍: യുപിയിലെ കാൺപൂരില്‍ ആറ് വയസ്സുകാരിയായ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഗൗതംപൂര്‍ കൊത്ത്‌വാലി പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ ഭദ്രാസ് ഗ്രാമത്തിലാണ് സംഭവം. ദീപാവലി രാത്രിയില്‍ കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഇന്ന് രാവിലെ തൊട്ടടുത്ത വയലില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ പല ആന്തരികാവയവങ്ങളും നഷ്ടപ്പെട്ടിരുന്നെന്ന് പോലിസ് പറഞ്ഞു.

മൃഗങ്ങളുടെ ആക്രമണമായരിക്കാമെന്നാണ് പോലിസ് പറയുന്നതെങ്കിലും ദുര്‍മന്ത്രവാദമായിരിക്കാം കൊലപാതകത്തിനു പിന്നിലെന്ന് കുടംബവും ഗ്രാമീണരും ആരോപിച്ചു.

സംശയമുളളവരുടെ പേരുകള്‍ കുടുംബം പോലിസിന് കൈമാറിയിട്ടുണ്ട്. എല്ലാ വശങ്ങളില്‍ നിന്നും അന്വേഷണം നടത്തുമെന്ന് പോലിസ് അറിയിച്ചു.

പെണ്‍കുട്ടിയുടെ ശ്വാസകോശം പോലുള്ള അവയവങ്ങളാണ് നഷ്ടപ്പെട്ടിരുന്നത്.

ശനിയാഴ്ച രാത്രിയിലും കുട്ടി വീട്ടിലിരുന്ന് കളിച്ചിരുന്നതായും വളരെ ദുരൂഹമായ സാഹചര്യത്തിലാണ് കാണാതായതെന്നും പോലിസ് പറഞ്ഞു. ഗ്രാമത്തിലെത്തന്നെ ഒരു പ്രായപൂര്‍ത്തിയാവാത്ത ഒരു ആണ്‍കുട്ടിയ്‌ക്കൊപ്പമാണ് അവസാനം മകളെ കണ്ടതെന്ന് പിതാവ് പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്.

ഡോഗ്‌സ്‌ക്വഡും ഫോറന്‍സിക് ടീമും സ്ഥലത്തെത്തി പരിശോധന നടത്തി.

പെണ്‍കുട്ടിയുടെ കുടുംബത്തിന് യുപി സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. കുറ്റവാളികളെ ഒരുകാരണവശാലും വെറുതെ വിടില്ലെന്നും അതിവേഗ കോടതിയില്‍ വിചാരണ നടത്തുമെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Similar News