പനമണ്ണ വിനോദ് വധം: രണ്ടുപേരെ കോടതി വെറുതെവിട്ടു

Update: 2024-04-30 11:33 GMT

പാലക്കാട്: ഒറ്റപ്പാലം പനമണ്ണ ചക്യാവില്‍ വിനോദ്(32) കൊല്ലപ്പെട്ട കേസില്‍ രണ്ടാംഘട്ട വിചാരണയില്‍ രണ്ടുപേരെ കോടതി വെറുതെവിട്ടു. മൂന്നുപേര്‍ക്ക് രണ്ടുവര്‍ഷം തടവ്. രണ്ടാംഘട്ട വിചാരണ നേരിട്ട അഞ്ചുപേരില്‍ രണ്ടുപേരെയാണ് ഒറ്റപ്പാലം അഡീഷനല്‍ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയത്. അഞ്ച്, 11 പ്രതികളായ ആരിഫ്, റഫീഖ് എന്നിവരെയാണ് വെറുതെ വിട്ടത്. മൂന്നുപേര്‍ക്കെതിരേയും കൊലക്കുറ്റം തെളിയിക്കാനായില്ല. ഇവര്‍ക്ക് ഐപിസി 324 വകുപ്പ് പ്രകാരം രണ്ടു വര്‍ഷം തടവ് ശിക്ഷയാണ് വിധിച്ചത്. ശിക്ഷിക്കപ്പെട്ടവര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. കേസില്‍ നേരത്തേ നാല് പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു. ആകെ 11 പ്രതികളാണ് കേസിലുണ്ടായിരുന്നത്. രണ്ടുപേരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

    2020 മേയ് 31ന് രാത്രി പത്തോടെയാണ് കേസിനാസ്പദമായ സംഭവം. വിനോദിന്റെ സഹോദരന്‍ രാമചന്ദ്രനെ ആക്രമിക്കപ്പെട്ടതറിഞ്ഞ് സ്ഥലത്തെത്തിയപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചെന്നാണ് പരാതി. ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരണപ്പെട്ടത്. ഒറ്റപ്പാലം സിഐ ആയിരുന്ന സുജിത്തിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ച് 77 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒന്നാംഘട്ട വിചാരണയില്‍ നാലുപേര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷിച്ച കേസിലെ രണ്ടാംഘട്ട വിചാരണയില്‍ 34 സാക്ഷികളെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. പ്രതിഭാഗത്തിനു വേണ്ടി അഡ്വ. എം പി അബ്ദുല്‍ ലത്തീഫ്, അഡ്വ. എം മുഹമ്മദ് റാഷിദ് എന്നിവര്‍ ഹാജരായി.

Tags:    

Similar News