കണ്ണൂര്‍ ജില്ലാ ആശുപത്രിയുടെ ക്യാബിന്‍ ചില്ലുകള്‍ പോക്‌സോ കേസ് പ്രതി അടിച്ചു തകര്‍ത്തു
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനക്കായി എത്തിയ പോക്‌സോ കേസ് പ്രതി പോലിസിന്റെ മുന്നില്‍വച്ച് ട്രോമ കെയര്‍ യൂണിറ്റിന്റെ ക്യാബിന്‍ ചില്ലുകള്‍ അടിച്ചു തകര്‍ത്തു. തിരുനെല്‍വേലി സ്വദേശി പരമശിവമാണ് പരാക്രമം നടത്തിയത്. പോലിസ് ഇയാളെ കസ്റ്റഡി നടപടിയുടെ ഭാഗമായി വൈദ്യ പരിശോധനക്ക് എത്തിച്ചതായിരുന്നു. കാഷ്വാലിറ്റി മെഡിക്കല്‍ ഓഫിസറുടെ കാബിനിന്റെ ചില്ലാണ് അടിച്ചു തകര്‍ത്തത്. തലനാരിഴയ്ക്കാണ് മറ്റു രോഗികളും ജീവനക്കാരും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇയാള്‍ക്കെതിരേ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി സൂപ്രണ്ട് ഡോ. എം കെ ഷാജി കണ്ണൂര്‍ സിറ്റി പോലിസില്‍ പരാതി നല്‍കി.
സംഭവത്തില്‍ സ്റ്റാഫ് കൗണ്‍സിലില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സി പ്രമോദ് കുമാര്‍, ഡെപ്യുട്ടി സൂപ്രണ്ട് ഡോ. ഗ്രിഫിന്‍ സുരേന്ദ്രന്‍, സ്റ്റാഫ് കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി അജയ് കുമാര്‍ കരിവെള്ളൂര്‍, രാജേഷ് കുമാര്‍ കാങ്കോല്‍, കെ സി സെമിലി, ഷീജ പീതാംബരന്‍ എന്നിവര്‍ സംസാരിച്ചു. 10 മാസങ്ങള്‍ക്ക് മുന്‍പ് രോഗിയെ സന്ദര്‍ശിക്കാന്‍ എത്തിയാള്‍ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു. ചെറിയ വാക്കേറ്റങ്ങളും മറ്റും പതിവ് സംഭവങ്ങളായി മാറുകയാണ്. ഈ സാഹചര്യത്തില്‍ ജില്ലാ ആശുപത്രിയിലെ പോലിസ് എയ്ഡ് പോസ്റ്റ് ശക്തിപ്പെടുത്തണമെന്നും സ്റ്റാഫ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.
