കണ്ണൂരില്‍ പോലിസ് ക്യാംപിനകത്ത് അതിക്രമിച്ചു കയറി പിറന്നാള്‍ ആഘോഷം; 5 പേര്‍ക്കെതിരെ കേസ്
കണ്ണൂര്‍: പോലിസ് ജില്ലാ ഹെഡ്ക്വാട്ടേഴ്‌സ് ക്യാംപിനകത്ത് അതിക്രമിച്ചു കയറി പിറന്നാള്‍ ആഘോഷം നടത്തിയ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച 5 പേര്‍ക്കെതിരെ കേസ്. സെപ്റ്റംബര്‍ 16നാണ് സംഭവം നടന്നത്. പോലിസ് ഉദ്യോഗസ്ഥരെന്ന വ്യാജേന പ്രതികള്‍ ക്യാംപിനകത്ത് പ്രവേശിച്ച ശേഷം, യുവതിയെ കൊണ്ടുവന്ന് കേക്ക് മുറിച്ച് പിറന്നാള്‍ ആഘോഷിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.
ടൗണ്‍ പോലിസ് സ്റ്റേഷനില്‍ നിന്നാണെന്നു പറഞ്ഞാണ് ധന്യ എന്ന യുവതിയെ സ്ഥലത്തെത്തിച്ചത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാള്‍ മരിച്ചുവെന്നും അതുമായി ബന്ധപ്പെട്ട് സ്റ്റേഷനില്‍ എത്തണമെന്നുമായിരുന്നു വീഡിയോയിലെ സംഭാഷണം. തുടര്‍ന്ന് യുവതിക്ക് സര്‍പ്രൈസ് ആയി പിറന്നാള്‍ ആഘോഷം നടത്തുകയായിരുന്നു. ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ പോലിസ് അന്വേഷണം തുടങ്ങി. പ്രതികള്‍ പോലിസ് ഉദ്യോഗസ്ഥരാണെന്ന വ്യാജേന ക്യാംപിനകത്ത് കയറിയതാണെന്ന് സ്ഥിരീകരിച്ചു. വീഡിയോയിലുള്ള 5 പേര്‍ക്കെതിരെയാണ് ടൗണ്‍ പോലിസ് സ്വമേധയാ കേസെടുത്തത്. സംഭവത്തില്‍ സുരക്ഷാ വീഴ്ചയുണ്ടായോയെന്നും പോലിസ് പരിശോധിക്കുകയാണ്.