ബിജെപി ഈസ്റ്റ് ഇന്ത്യ കമ്പനിയെപ്പോലെയെന്ന് കമല്‍നാഥ്

Update: 2022-08-15 16:39 GMT

ഭോപാല്‍: ചില ശക്തികള്‍ രാജ്യത്തെ അടിമത്തത്തിലേക്ക് തള്ളിവിടുകയാണെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍നാഥ്. 75ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1947ന് മുമ്പ്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി വര്‍ഷങ്ങളോളം പോരാടിയ കോണ്‍ഗ്രസ്, ഇപ്പോള്‍ 21ാം നൂറ്റാണ്ടില്‍, ഭരണത്തിനെതിരെ മറ്റൊരു പോരാട്ടം ആരംഭിച്ചിരിക്കുന്നു... ജനാധിപത്യം സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് ജനങ്ങളുടെ പിന്തുണ ആവശ്യമാണ്- അദ്ദേഹം പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെ ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായി താരതമ്യം ചെയ്താണ് കമല്‍നാഥ് ബിജെപിയെ കടന്നാക്രമിച്ചത്. ജനാധിപത്യത്തിന്റെ മുഖംമൂടി ഉപയോഗിച്ച് ബിജെപി തങ്ങളുടെ യഥാര്‍ത്ഥ മുഖം മറയ്ക്കുകയാണെന്നും ഈസ്റ്റ് ഇന്ത്യാ കമ്പനിയെപ്പോലെ ജനങ്ങളുടെ അധികാരം തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

'ജനാധിപത്യത്തിന്റെ മുഖംമൂടിക്ക് പിന്നില്‍ തെറ്റായി നയിക്കുകയാണ്. ബ്രിട്ടീഷുകാരുടെ കാലത്ത് ഈസ്റ്റ് ഇന്ത്യാ കമ്പനി ചെയ്തതുപോലുള്ള വലിയ വാഗ്ദാനങ്ങളാണ് അവര്‍ നല്‍കുന്നത്. അവര്‍ ജനങ്ങളെ അടിമത്തത്തിലേക്ക് തള്ളിവിടുകയാണ്. കര്‍ഷകരുടെ ഭൂമി തട്ടിയെടുക്കുന്നു, അഭിപ്രായസ്വാതന്ത്ര്യം പൂര്‍ണമായും നശിപ്പിച്ചു'- അദ്ദേഹം പറഞ്ഞു.

ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രത്തിന്റെയും സംസ്ഥാന സര്‍ക്കാരിന്റെയും സാമ്പത്തിക നയങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. നിലവില്‍ 128 ലക്ഷം കോടി രൂപ കടന്നിരിക്കുന്ന വലിയ കടബാധ്യതയാണ് രാജ്യം നേരിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മധ്യപ്രദേശിന് മാത്രം 3 ലക്ഷം കോടിയിലധികം കടമുണ്ട്.

Tags:    

Similar News