കല്‍പുഴ നവീകരണം; സമഗ്രാന്വേഷണം വേണമെന്ന് പരപ്പനാട് ഡവലപ്‌മെന്റ് ഫോറം

ബൃഹദ് പദ്ധതയായ കല്‍പുഴ മത്സ്യ വളര്‍ത്തു കേന്ദ്രത്തിന്റെ പേരില്‍ നടത്തിയ അഴിമതി പുറത്തു കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പി.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു.

Update: 2021-06-07 07:06 GMT

പരപ്പനങ്ങാടി: കല്‍പുഴ നവീകരണവുമായി ബന്ധപ്പെട്ടുള്ള കോടികളുടെ അഴിമതി പുറത്ത് കൊണ്ടു വരുന്നതിന് സമഗ്രാന്വേഷണം വേണമെന്ന് പരപ്പനാട് ഡവലപ്‌മെന്റ് ഫോറം (പി.ഡി.എഫ്) ആവശ്യപ്പെട്ടു. ഏഴരക്കോടി രൂപ വകയിരുത്തി 2014-ല്‍ ഹാര്‍ബര്‍ ഫിഷറീസ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് കല്‍പുഴ നവീകരിച്ച് മത്സ്യ വളര്‍ത്തല്‍ കേന്ദ്രത്തിന് ഫണ്ടനുവദിച്ചത്.എന്നാല്‍ മൂന്ന് ഘട്ടമായി നടത്തേണ്ട പ്രവര്‍ത്തിയുടെ ആദ്യ ഘട്ടമെന്ന നിലക്ക് 98 ലക്ഷം രൂപക്ക് കരാറായി.

കല്‍പുഴയില്‍ നിന്ന് 15000 ലോഡ് മണല്‍ മാലിന്യം നീക്കം ചെയ്യുന്നതിന് പകരം ആകെ 500 ലോഡേ നീക്കം ചെയ്തിട്ടുള്ളൂ എന്ന് പ്രദേശവാസികള്‍ പറയുന്നു. ഒന്നാം ഘട്ട പ്രവൃത്തിയില്‍ തന്നെ അഴിമതിയുണ്ടെന്ന് കാണിച്ച് പ്രദേശ വാസികള്‍ വിജിലന്‍സിനെ സമീപിച്ചിട്ടും ഒരു നടപടിയുമായിട്ടില്ല. പിന്നീട് രണ്ടാം ഘട്ട പ്രവര്‍ത്തിയായ പുഴ നവീകരണത്തിനും മറ്റും മൂന്നരക്കോടി പാസാക്കിയെങ്കിലും ഉദ്യോഗസ്ഥരും, കരാറുകാരനും, രാഷ്ട്രീയ ഉന്നതരും കൂടി മേല്‍ പ്രവൃത്തി നടത്താതെ ഫണ്ട് വാങ്ങി വീതം വെക്കുകയായിരുന്നതായാണ് ആരോപണം.

ബൃഹദ് പദ്ധതയായ കല്‍പുഴ മത്സ്യ വളര്‍ത്തു കേന്ദ്രത്തിന്റെ പേരില്‍ നടത്തിയ അഴിമതി പുറത്തു കൊണ്ട് വരണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്നും പി.ഡി.എഫ് ഭാരവാഹികള്‍ പറഞ്ഞു. ഓണ്‍ലൈനില്‍ ചേര്‍ന്ന യോഗത്തില്‍ മനാഫ് താനൂര്‍, ഷാജി മുങ്ങാത്തം തറ, പി.പി.അബൂബക്കര്‍ ,പി.രാമാനുജന്‍, റഫീഖ് ബോംബെ, ഏനു കായല്‍ മീത്തില്‍ പങ്കെടുത്തു.

Tags:    

Similar News