കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖിനെതിരെ ഇരട്ട വോട്ട് ആരോപണം; തെളിവുകള്‍ പുറത്ത്
കല്‍പറ്റ: വയനാട് കല്‍പറ്റ എംഎല്‍എ ടി സിദ്ദിഖിനെതിരെ ഇരട്ട വോട്ട് ആരോപണം ഉയര്‍ന്നു. സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖ് ആണ് തെളിവുകളുമായി രംഗത്തെത്തിയത്. റഫീഖ് പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, വോട്ടര്‍ പട്ടികയില്‍ ടി സിദ്ദിഖ് കോഴിക്കോട്ട് ജില്ലയിലെ പെരുമണ്ണ പഞ്ചായത്തിലെ 20ാം വാര്‍ഡായ പന്നിയൂര്‍കുളത്ത് ക്രമനമ്പര്‍ 480ല്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അതേസമയം, വയനാട് ജില്ലയില്‍ കല്‍പറ്റ നഗരസഭയിലെ ഡിവിഷന്‍ 25 ഓണിവയലില്‍ ക്രമനമ്പര്‍ 799ല്‍ വോട്ടര്‍ പട്ടികയിലും പേരുണ്ട്.
ഇക്കാര്യം കെ റഫീഖ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പുറത്തുവിട്ടത്. ഒരാള്‍ക്ക് രണ്ടിടത്ത് വോട്ട് ചെയ്യാനാകില്ലെന്നും, ഉത്തരവാദിത്വമുള്ള ഒരു ജനപ്രതിനിധി തന്നെ ഇത്തരത്തില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് ജനാധിപത്യ സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്നതും പ്രതിഷേധാര്‍ഹവുമാണെന്നും അദ്ദേഹം പോസ്റ്റില്‍ ആരോപിച്ചു. മുന്‍പ് തൃശൂരില്‍ കള്ളവോട്ട് വ്യാപകമായി നടന്നുവെന്ന ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. അതിനിടെ എംഎല്‍എക്കെതിരെ ഇരട്ട വോട്ടിന്റെ ആരോപണം ശക്തമായ വിവാദങ്ങള്‍ക്കിടയാക്കുകയാണ്.