കഴക്കൂട്ടത്തെ കലാപഭൂമിയാക്കാനുള്ള ശ്രമത്തില്‍ നിന്ന് ബിജെപി പിന്മാറണമെന്ന് കടകംപള്ളി സുരേന്ദ്രന്‍

Update: 2021-03-26 18:30 GMT

തിരുവനന്തപുരം: വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വെല്ലുവിളിയുടെയും രാഷ്ട്രീയം ഉയര്‍ത്തുക മാത്രമല്ല ജനങ്ങള്‍ സമാധാനത്തോടെ കഴിയുന്ന കഴക്കൂട്ടം മണ്ഡലത്തില്‍ സംഘര്‍ഷം അഴിച്ചുവിട്ട് ക്രമസമാധാനനില തകര്‍ക്കാന്‍ കൂടി ശ്രമിക്കുകയാണ് ബിജെപി സ്ഥാനാര്‍ഥിയും കൂട്ടരുമെന്ന് കടകംപള്ളി സുരേന്ദ്രന്‍. ചെമ്പഴന്തി അണിയൂരില്‍ വെളളിയാഴ്ച വൈകിട്ട് ബിജെപി സ്ഥാനാര്‍ഥി പര്യടനത്തിനിടെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ബിജെപി സ്ഥാനാര്‍ഥി പര്യടനം നടക്കുന്ന സ്ഥലത്തുകൂടെ അമ്മയോടൊപ്പം ബൈക്കില്‍ പോകുകയായിരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ യാതൊരു പ്രകോപനവുമില്ലാതെ ബിജെപി ക്രിമിനലുകള്‍ ആക്രമിക്കുകയായിരുന്നു. വെല്ലുവിളികളും വിദ്വേഷം വമിപ്പിക്കുന്ന പ്രസ്താവനകളും നിരന്തരം പുറപ്പെടുവിക്കുന്ന സ്ഥാനാര്‍ഥിയെയും കൂട്ടരെയും കഴക്കൂട്ടം ജനത തള്ളിക്കളഞ്ഞതോടെയാണ് ഇങ്ങനെയൊരു പദ്ധതി പ്ലാന്‍ ചെയ്തത്. ഇത്തരം കുടിലശ്രമങ്ങളൊന്നും ഇവിടെ വിലപ്പോവില്ല എന്ന് കഴക്കൂട്ടത്തെ അറിയാത്ത സ്ഥാനാര്‍ഥി മനസിലാക്കുന്നത് നല്ലതാണെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.

ഫെയ്‌സ്ബുക്കില്‍ എഴുതിയ കറിപ്പിലൂടെയാണ് മന്ത്രിയുടെ പ്രതികരണം.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട്ടില്‍ കയറില്ല എന്നും ഞങ്ങള്‍ മുന്‍പും പലതും ചെയ്തിട്ടുണ്ടെന്നുമൊക്കെയുള്ള കൊലവിളിയാണ് സ്ഥാനാര്‍ഥിയോടൊപ്പമുള്ള ക്രിമിനലുകള്‍ മുഴക്കുന്നതെന്നും മന്ത്രി ആരോപിച്ചു.

Tags:    

Similar News