കാബൂള്‍ വിമാനത്താവളത്തിനു നേരെ വീണ്ടും ആക്രമണമുണ്ടായേക്കും; മുന്നറിയിപ്പുമായി അമേരിക്ക

Update: 2021-08-27 04:03 GMT

വാഷിങ്ടണ്‍: കാബൂള്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനെതിരേ വീണ്ടും ആക്രമണങ്ങളുണ്ടായേക്കുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്.

റോക്കറ്റ് റോഞ്ചറുകള്‍ ഉപയോഗിച്ചോ സ്‌ഫോടക വസ്തുനിറച്ച കാര്‍ ഓടിച്ചുകയറ്റിയോ ആവും സ്‌ഫോടനം നടത്തുക.

വ്യാഴാഴ്ചയുണ്ടായ സ്‌ഫോടനത്തിനു നേരെ കടുത്ത ഭാഷയില്‍ യുഎസ് പ്രസിഡന്റ് മുന്നറിയിപ്പു നല്‍കിയതിനു തൊട്ടുപിന്നാലെയാണ് വീണ്ടും സ്‌ഫോടനമുണ്ടാകുമെന്ന രഹസ്യാന്വേഷണ വകുപ്പിന്റെ റിപോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.

തോക്കുപയോഗിച്ച് ആക്രമണം നടത്തിയ ശേഷമാണ് വ്യാഴാഴ്ചയിലെ സ്‌ഫോടനം ഉണ്ടായതെന്ന് യുഎസ് മറീന്‍ കോര്‍പ്‌സ് ജനറല്‍ ഫ്രാങ്ക് മക്കെന്‍സി പറഞ്ഞു. സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം വീണ്ടും വര്‍ധിച്ചേക്കാമെന്നും സൂചിപ്പിച്ചു.

ഐഎസ് സ്‌ഫോടനത്തിന്റെ ഉത്തതവാദിത്വം ഏറ്റെടുത്തു. ചാവേറായി പൊട്ടിത്തെറിച്ചയാളുടെ ചിതവും പുറത്തുവിട്ടു.

ജനദ്രോഹികളും യുഎസ് സൈന്യവുമായി ഒത്തുകളിച്ചുവെന്നാണ് താലിബാനെ ഐഎസ് വിശേഷിപ്പിച്ചത്.

ഐഎസ് ആക്രമണം തുടരുമെന്നാണ് കരുതുന്നതെന്നും അത് നേരിടാന്‍ എല്ലാ തരത്തിലും തയ്യാറെടുത്തു കഴിഞ്ഞെന്നും അദ്ദേഹം റോയിട്ടേഴ്‌സിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

2020 ഫെബ്രുവരിക്കുശേഷം ആദ്യമായാണ് യുഎസ് മറീനുകള്‍ ആക്രമണത്തില്‍ കൊല്ലപ്പെടുന്നത്. ഒരു ദശകത്തിനുള്ളില്‍ യുഎസ് സൈന്യം നേരിടുന്ന ഏറ്റവും വലിയ ആക്രമണവും ഇതാണ്.

പരസ്പരം ആക്രമിക്കില്ലെന്ന സന്ധി താലിബാനും ട്രംപ് ഭരണകൂടവും തമ്മില്‍ ഉണ്ടാക്കിയ ശേഷം ആക്രമണങ്ങളൊന്നും ഉണ്ടായിട്ടില്ല. അതിന്റെ അടിസ്ഥാനത്തിലാണ് 2021 മെയ് മാസത്തിനുള്ളില്‍ സൈന്യത്തെ പിന്‍വലിക്കുമെന്ന് യുഎസ് ഉറപ്പുനല്‍കിയത്. ബൈഡന്‍ അത് ഏപ്രിലിലേക്കും പിന്നീട് ആഗസ്തിലേക്കും വലിച്ചുനീട്ടി.

കഴിഞ്ഞ ദിവസത്തെ ആക്രമണത്തോട് തങ്ങള്‍ പൊറുക്കില്ലെന്നും അര്‍ഹിക്കുന്ന വില നല്‍കേണ്ടിവരുമെന്നുമായിരുന്നു യുഎസ് പ്രസിഡന്റിന്റെ പ്രതികരണം. ഐഎസ് ആസ്തികള്‍ക്കെതിരേ ആക്രമണം നടത്താനും യുഎസ് സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആക്രമണം നടത്തേണ്ട രീതിയും സമയവും തങ്ങള്‍ തീരുമാനിക്കുമെന്നും ബൈഡന്‍ പറഞ്ഞു. 

Tags: