പഞ്ചാബില്‍ നിന്ന് ട്രെയിന്‍ സര്‍വീസിന് അനുമതി നല്‍കാത്ത മുഖ്യമന്ത്രിയുടെ നടപടി ജനവഞ്ചനയെന്ന് കെ സുധാകരന്‍ എം പി

Update: 2020-05-14 17:40 GMT

ന്യൂഡല്‍ഹി: പഞ്ചാബില്‍ കുടുങ്ങിക്കിടക്കുന്ന 1078 മലയാളികളെ തിരിച്ചു നാട്ടില്‍ കൊണ്ടുവരുവാന്‍ പഞ്ചാബ് ഗവണ്‍മെന്റ് മൂന്ന് പ്രാവശ്യം കത്ത് അയച്ചിട്ടും മറുപടി നല്കാതെ അവഗണിച്ച മുഖ്യമന്ത്രിയുടെ സമീപനം ജനവഞ്ചനയാണെന്നും വിദ്യാര്‍ത്ഥികളും ഗര്‍ഭിണികളും ഉള്‍പ്പെടെയുള്ളവര്‍ കഷ്ടപ്പെടുമ്പോഴും നിസംഗത തുടരുന്ന സര്‍ക്കാര്‍ സമീപനം ക്രൂരമാണെന്നും കെ.സുധാകരന്‍ എം.പി. പറഞ്ഞു.

ഉത്തരേന്ത്യയില്‍ ലോക്ക് ഡൗണ്‍ മൂലം കുടുങ്ങിപ്പോയ ആയിരക്കണക്കിന് മലയാളികള്‍ കേരളത്തിലേക്ക് വരാന്‍ മറ്റ് സംസ്ഥാനങ്ങള്‍ ചെലവ് വഹിക്കാന്‍ തയ്യാറാകുമ്പോഴും മനുഷ്യത്വവും കരുണയുമില്ലാതെ കേരള ഭരണകൂടം പ്രവര്‍ത്തിക്കുകയാണ് .

നേരത്തെ റെയില്‍വേ മന്ത്രാലയം ഏര്‍പ്പെടുത്തിയ പാസഞ്ചര്‍ ട്രെയിന്‍ ക്യാന്‍സല്‍ ചെയ്തപ്പോള്‍ കുടുങ്ങിക്കിടക്കുന്ന ആയിരങ്ങള്‍ക്ക് ആകെ ആശ്രയമായിട്ടുള്ളത് സ്‌പെഷ്യല്‍ ട്രെയിനുകള്‍ മാത്രമാണ്. ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികള്‍ക്ക് നാട്ടില്‍ എത്തിച്ചേരുന്നതിന് സ്‌പെഷ്യല്‍ ട്രെയിനിന് അനുമതി നല്‍കാത്തത് പ്രതിഷേധാര്‍ഹമാന്നെന്നും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ആത്മാര്‍ത്ഥമായ സമീപനം സ്വീകരിക്കണമെന്നും കെ.സുധാകരന്‍ എം.പി. ആവശ്യപ്പെട്ടു.

Tags: