കെ ജയരാമന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി; ഹരിഹരന്‍ നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി

Update: 2022-10-18 03:52 GMT

പത്തനംതിട്ട: കെ ജയരാമന്‍ നമ്പൂതിരിയെ ശബരിമലയിലെ പുതിയ മേല്‍ശാന്തിയായി തിരഞ്ഞെടുത്തു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയാണ്. ഹരിഹരന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. കോട്ടയം വൈക്കം സ്വദേശിയാണ്. ചൊവ്വാഴ്ച നറുക്കെടുപ്പിലൂടെയാണ് മേല്‍ശാന്തിമാരെ തിരഞ്ഞെടുത്തത്. പന്തളം കൊട്ടാരത്തില്‍ നിന്നെത്തിയ കൃതികേഷ് വര്‍മയും, പൗര്‍ണമി ജി വര്‍മയും ആണ് ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ നറുക്കെടുത്തത്. നറുക്കെടുപ്പ് നടപടികള്‍ക്കായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ള നിരീക്ഷകന്‍ റിട്ട. ജസ്റ്റിസ് ആര്‍ ഭാസ്‌കരന്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍, ബോര്‍ഡ് അംഗം പി എം തങ്കപ്പന്‍, ദേവസ്വം കമ്മീഷണര്‍ ബി എസ് പ്രകാശ്, ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍ മനോജ് എന്നിവര്‍ സന്നിഹിതരായിരുന്നു.

തുലാമാസ പൂജകള്‍ക്കായി ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയാണ് ശബരിമല നട തുറന്നത്. തന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ മുന്‍ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് നട തുറന്നത്. നിര്‍മാല്യത്തിനും പതിവ് പൂജകള്‍ക്കും ശേഷം രാവിലെ ഏഴരയോടെയാണ് മേല്‍ശാന്തി നറുക്കെടുപ്പ് തുടങ്ങിയത്. ഹൈക്കോടതിയുടെയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍ പാലിച്ച് അപേക്ഷിച്ച 10 പേരാണ് ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പിനായുള്ള അന്തിമപട്ടികയില്‍ ഇടം നേടിയിരുന്നത്. എട്ട് പേരായിരുന്നു മാളികപ്പുറം മേല്‍ശാന്തി സ്ഥാനത്തേക്കുള്ള പട്ടികയിലുണ്ടായിരുന്നത്.

Tags:    

Similar News