രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ബലാല്‍സംഗക്കേസിലെ രണ്ടാം പ്രതി ജോബി ജോസഫിന്റെ മുന്‍കൂര്‍ ജാമ്യഹരജി ഇന്ന് കോടതി പരിഗണിക്കും. പീഡനത്തിന് ഇരയായ യുവതിക്ക് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചു നല്‍കിയെന്നതാണ് ജോബി ജോസഫിനെതിരെയുള്ള കുറ്റം. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ച് യുവതിയുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ചികില്‍സ തേടിയ ആശുപത്രി രേഖകള്‍ പോലിസ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വാദം നടക്കുക.
അതേസമയം, കേസിലെ ഒന്നാം പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമം തുടരുകയാണ്. നേരത്തെ സെഷന്‍സ് കോടതി ഇദ്ദേഹത്തിന്റെ ഹരജി തള്ളിയിരുന്നു. രണ്ടാമത്തെ പീഡനക്കേസില്‍ രാഹുലിന് ലഭിച്ച മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ ഹരജി ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റിയിട്ടുണ്ട്.