ആക്രമിക്കപ്പെട്ടതും ജയിലിലടക്കപ്പെട്ടതും മുസ് ലിംകള്‍ത്തന്നെ; ഡല്‍ഹി കലാപത്തിന്റെ രണ്ട് വര്‍ഷങ്ങള്‍...

Update: 2022-03-02 18:20 GMT

ന്യൂഡല്‍ഹി: ഡല്‍ഹി കലാപം നടന്ന് ഏകദേശം രണ്ട് വര്‍ഷം പൂര്‍ത്തിയായി. 2019 അവസാനവും 2020 ആദ്യത്തിലുമായാണ് പൗരത്വഭേദഗതി നിയമത്തിനെതിരേയുള്ള അഖിലേന്ത്യാ അടിസ്ഥാനത്തിലുള്ള സമരം നടന്നത്. അതിന്റെ ഒടുവില്‍ 2020 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പ്രതിഷേധക്കാര്‍ക്കെതിരേ സംഘപരിവാര ശക്തികള്‍ ആക്രമണം അഴിച്ചുവിട്ടു. നിരവധി പേര്‍ കൊല്ലപ്പെട്ടു. നൂറുകണക്കിന് പേര്‍ക്ക് പരിക്കേറ്റു. നിരവധി വീടുകള്‍ കൊള്ളയടിക്കപ്പെടുകയും തകര്‍ക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തു.

വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന കലാപത്തില്‍ ആക്രമിക്കപ്പെട്ടത് മുസ് ലിം ജനസമൂഹമാണെങ്കിലും ആക്രമണത്തിനു ശേഷം ജയിലിലടക്കപ്പെട്ടതും ഇതേ സമുദായത്തില്‍നിന്നുളളവരാണ്. പലരും ദീര്‍ഘകാലം ജയിലില്‍ കിടന്നു. പലര്‍ക്കും നാലും അഞ്ചും മാസത്തിനുശേഷം പുറംലോകത്തേക്ക് പ്രവേശനം ലഭിച്ചുവെങ്കിലും ഷര്‍ജീല്‍ ഇമാമിനെയും ഒസാമ ഖാനെയും പോലുള്ളവര്‍ ഇപ്പോഴും ഇരുമ്പഴിക്കുള്ളിലാണ്. അവര്‍ക്കെതിരേ പുതിയപുതിയ കുറ്റങ്ങള്‍ ചാര്‍ത്തപ്പെടുന്നു. ഇനിയും എത്ര കാലം വേണമെങ്കിലും ജയിലില്‍ വയ്ക്കാവുന്ന കേസുകളാണ് നിര്‍മിക്കപ്പെടുന്നത്.

കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. അതില്‍ ഭൂരിഭാഗവും മുസ് ലിംകളായിരുന്നു. മുസ് ലിംകളുടെ വീടുകളും വ്യാപാരസ്ഥാപനങ്ങളും സൂക്ഷമതയോയെ ആക്രമിക്കപ്പെട്ടു. കലാപം ആസൂത്രിതമായിരുന്നുവെന്ന് ക്വില്‍ ഫൗണ്ടേഷന്റെ പ്രവര്‍ത്തകന്‍ ഫവാസ് ഷഹീന്‍ പറയുന്നു.

'രണ്ട് വര്‍ഷം മുമ്പ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്നത് മുസ് ലിം സമുദായത്തിന് നേരെയുള്ള ആക്രമണമായിരുന്നു, അതിന് നേതൃത്വം നല്‍കിയ ആളുകള്‍ ബിജെപിയുടെ സര്‍ക്കാര്‍ ബോഡികളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നേതാക്കളാണ്.'- അദ്ദേഹം ആരോപിച്ചു. ''ജാമിഅ മില്ലിയ ഇസ് ലാമിയയിലും പിന്നീട് ഷഹീന്‍ ബാഗിലും അക്രമം അഴിച്ചുവിടാന്‍ അവര്‍(ഹിന്ദുത്വര്‍) ശ്രമിച്ചു. ലക്ഷ്യം നേടാനാകാതെ വന്നപ്പോള്‍ അവര്‍ വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഇത് പരീക്ഷിച്ചു. കപില്‍ മിശ്ര പ്രകോപനപരമായ പ്രസംഗം നടത്തിയതിന് പിന്നാലെയാണ് അക്രമം ഉണ്ടായത് എന്നത് യാദൃശ്ചികമല്ല. അക്രമത്തിന്റെ ഏറ്റവുമധികം ആഘാതം ഏറ്റുവാങ്ങിയ സമുദായം ഏതെന്നറിയാന്‍ പതിനൊന്ന് മസ്ജിദുകളും അഞ്ച് മദ്രസകളും ആക്രമിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും അഗ്നിക്കിരയാക്കുകയും ചെയ്തത് പരിശോധിച്ചാല്‍ മതി. ഡല്‍ഹി പോലിസിന്റെ നുണകള്‍ ഞങ്ങള്‍ വിശ്വസിക്കില്ല''- അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം ക്വില്‍ ഫൗണ്ടേഷന്‍ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. ഡല്‍ഹി കലാപത്തിന്റെ ഇരകള്‍ അന്ന് ഒത്തുകൂടി. അവരിലൊരാളായ ഇമ്രാന പറയുന്നു: എനിക്ക് എട്ട് പെണ്‍മക്കളുണ്ട്. എന്റെ എല്ലാ കുട്ടികളുടെയും ആവശ്യമായ നടത്താന്‍ എനിക്ക് ബുദ്ധിമുട്ടാണ്. പത്തു ലക്ഷം രൂപ സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയിരുന്നു. എന്റെ ഭര്‍ത്താവിന്റെ നഷ്ടം നികത്താന്‍ ഒരു തുകയ്ക്കും കഴിയില്ല- അവര്‍ പറഞ്ഞു.

മുസ് ലിംകളുടെ സ്ഥാപനങ്ങള്‍ തകര്‍ക്കപ്പെടുകയോ അഗ്നിക്കിരയാവുകയോ ചെയ്യുമ്പോള്‍ ഹിന്ദുക്കളുടെ സ്ഥാപനങ്ങള്‍ ഒഴിവാക്കിയെന്ന് മൈല്‍2സ്‌മൈല്‍ സ്ഥാപകന്‍ ആസിഫ് മുജ്താബ് പറഞ്ഞു. 'രണ്ട് വര്‍ഷം മുമ്പ് വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ എന്താണ് സംഭവിച്ചതെന്ന് ഓര്‍ക്കേണ്ടത് പ്രധാനമാണ്. മുസ് ലിം സമുദായം അക്രമത്തിന്റെ ഇരകളായിരുന്നു. എന്നാല്‍ ഭൂരിഭാഗം കേസുകളും മുസ് ലിംകള്‍ക്കെതിരെ മാത്രമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്- അദ്ദേഹം പറഞ്ഞു.

ആക്രമിക്കപ്പെട്ട മറ്റൊരാള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിയായ സമീറാണ്. അദ്ദേഹത്തിന്റെ കഴുത്തിലാണ് വെടിയേറ്റത്. അതോടെ കഴുത്തിനു കീഴെ ശരീരം തളര്‍ന്നു.

'അന്ന് ഞാന്‍ ഒമ്പതാം ക്ലാസിലാണ്. എന്റെ വിദ്യാഭ്യാസം നിലച്ചു. എന്റെ ചികിത്സയ്ക്കുള്ള ആശുപത്രി ബില്ലുകള്‍ അടയ്ക്കുന്നതിന് എന്റെ കുടുംബത്തിന് നാട്ടിലുള്ള ഭൂമി വില്‍ക്കേണ്ടിവന്നു. രണ്ട് ലക്ഷം രൂപ മാത്രമാണ് സര്‍ക്കാര്‍ നഷ്ടപരിഹാരമായി നല്‍കിയത്. ഞാന്‍ എന്ത് ചെയ്യും? എന്റെ ജീവിതം നശിച്ചു. എനിക്ക് സ്വന്തമായി ജോലി ചെയ്യാനോ സമ്പാദിക്കാനോ കഴിയില്ല'- സമീര്‍ പറയുന്നു.

സിഎഎക്കെതിരേ പ്രതിഷേധം സംഘടിപ്പിച്ചവരാണ് പിന്നീട് പോലിസിന്റെ പിടിയിലായത്. അവരെ കലാപം സംഘടിപ്പിച്ചവരായി ചിത്രീകരിച്ച് പോലിസ് ജയിലിലടച്ചു. ഷര്‍ജീല്‍ ഇമാമൊക്കെ അങ്ങനെ ജയിലിലായവരാണ്. ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 1,100 എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത്.

'രണ്ട് വര്‍ഷമായി, നീതി നടപ്പായിട്ടില്ല. 18 മുസ് ലിം ആക്ടിവിസ്റ്റുകള്‍ വ്യാജകേസുകള്‍ ചുമത്തപ്പെട്ട് ജയിലിലായി. അതില്‍ ഭൂരിഭാഗവും വിദ്യാര്‍ത്ഥികളാണ്. കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചുവെന്നാണ് അവര്‍ക്കെതിരേയുള്ള കേസ്. 2022 ഫെബ്രുവരി 26ന് ഇസ്രത്ത് ജഹാനും ഖാലിദ് സൈഫിയും രണ്ട് വര്‍ഷം മുഴുവന്‍ ജയില്‍വാസം പൂര്‍ത്തിയാക്കി. അതേസമയം സിഎഎ വിരുദ്ധ പ്രക്ഷോഭകര്‍ക്കെതിരെ പരസ്യമായി അക്രമം നടത്തിയവരും അതിന് പ്രേരിപ്പിച്ചവരും ഒളിവിലാണ്. ഇവര്‍ക്കെതിരെ എഫ്‌ഐആര്‍ പോലും രജിസ്റ്റര്‍ ചെയ്തിട്ടില്ല. ഇതൊക്കെ ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു'- അദ്ദേഹം പറഞ്ഞു.

രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ഡല്‍ഹി കലാപത്തിലെ ഇരകള്‍ക്ക് നീതി ലഭിച്ചിട്ടില്ല. ഡല്‍ഹി കലാപ സമയത്ത് ദേശീയ ഗാനം ആലപിക്കാന്‍ ആവശ്യപ്പെടുകയും ആക്രമിക്കപ്പെടുകയും തുടര്‍ന്ന് മരിക്കുകയും ചെയ്ത ഫെയ്‌സാന്‍ എന്ന 23കാരന്റെ അനുഭവം ആക്റ്റിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. ആക്രമിക്കപ്പെട്ടിട്ടും ആവശ്യമായ വൈദ്യസഹായം അവന് ലഭിച്ചില്ല. ആ സംഭവത്തില്‍ ഉള്‍പ്പെട്ട ഒരു പോലിസുകാരനെതിരേ പോലും നടപടിയുണ്ടായിട്ടില്ല.

ഡല്‍ഹി കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കണമെന്നാണ് ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ സഫ്രുള്‍ ഇസ് ലാം പറയുന്നത്. കപില്‍ മിശ്ര, രാഗിണി തിവാരി തുടങ്ങി അക്രമത്തിന് പ്രേരിപ്പിച്ചവര്‍ക്കെതിരെ അന്വേഷണം വേണം. അത്തരം കാര്യങ്ങളെക്കുറിച്ച് നാം സംസാരിക്കുന്നില്ലെങ്കില്‍ അനീതി നിരന്തരമായി സംഭവിച്ചുകൊണ്ടിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ആക്രമണത്തില്‍ തളര്‍ന്നുപോയവര്‍, ഇത്രകാലമായിട്ടും ജയിലില്‍ നിന്ന് മോചനം നേടാത്തവര്‍, കാഴ്ചശക്തി നശിച്ചുപോയവര്‍, ജീവിക്കാനുള്ള എല്ലാ വിഭവങ്ങളും ഇല്ലാതായവര്‍, പഠനം പാതിവഴിയില്‍ നിന്നുപോയവര്‍... ഡല്‍ഹി കലാപത്തിന്റെ ഇരകള്‍ ഇങ്ങനെ നിരവധിയാണ്. പക്ഷേ, ഡല്‍ഹി കലാപം സൃഷ്ടിച്ചവരാകട്ടെ ജലിലിനു പുറത്തുമാണ്.

Tags:    

Similar News