വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഫ്ളോട്ട് ബാങ്കിങ് ലൈസന്‍സ് അനുവദിക്കുന്നത് വിനാശകരം: എസ്.ഡി.പി.ഐ

ഇപ്പോഴും ഭരണാധികാരികള്‍ അവരുടെ ബുദ്ധിശൂന്യപ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുമില്ല.

Update: 2020-11-25 07:52 GMT

ന്യൂഡല്‍ഹി: വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഫ്ളോട്ട് ബാങ്കിങ് ലൈസന്‍സ് അനുവദിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം വിനാശകരമാണെന്ന് എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് എം കെ ഫൈസി. വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഫ്ളോട്ട് ബാങ്കിങ് ലൈസന്‍സ് നല്‍കണമെന്ന റിസര്‍വ് ബാങ്ക് ഇന്റേണല്‍ വര്‍ക്കിങ് ഗ്രൂപ് ശുപാര്‍ശയെ ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജനും മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വൈറല്‍ ആചാര്യയും വിഡ്ഢിത്തമെന്നാണ് വിശേഷിപ്പിച്ചത്. 2014 ല്‍ അധികാരത്തിലെത്തിയ ആര്‍.എസ്.എസ് നിയന്ത്രിതവും ബിജെപി നയിക്കുന്നതുമായ എന്‍.ഡി.എ സര്‍ക്കാരിന്റെ ബുദ്ധിശൂന്യവും സങ്കുചിതവുമായ നയങ്ങള്‍ മൂലം രാജ്യം എല്ലാ മേഖലയിലും അടിക്കടി പരാജയം ഏറ്റുവാങ്ങുകയാണ്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലും വിമാനം താഴോട്ട് കുതിക്കുന്നതുപോലെ അതിവേഗം കീഴ്പോട്ട് പോവുകയുമാണ്. ഇപ്പോഴും ഭരണാധികാരികള്‍ അവരുടെ ബുദ്ധിശൂന്യപ്രവര്‍ത്തനങ്ങളുടെ പ്രത്യാഘാതങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ല. യഥാര്‍ത്ഥത്തില്‍ അവര്‍ക്ക് അതിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതുമില്ല.

കോര്‍പ്പറേറ്റ് ഭീമന്മാരെ ബാങ്കിങ് ബിസിനസ് മേഖലയിലേക്ക് കൊണ്ടുവരുന്നതോടെ ഇവരുടെ കൈകളിലേക്ക് സാമ്പത്തികാധികാരം കേന്ദ്രീകരിക്കുന്നതിന് ഇടയാക്കും. ഈ കോര്‍പ്പറേറ്റുകള്‍ക്ക് പണം ആവശ്യമായി വരുമ്പോള്‍, വായ്പകള്‍ തിരിച്ചടയ്ക്കുന്നതിന്റെ സുരക്ഷയെക്കുറിച്ച് ഒരു പരിശോധനയും നടത്താതെ അവര്‍ക്ക് സ്വന്തം ബാങ്കുകളില്‍ നിന്ന് അത് എളുപ്പത്തില്‍ ലഭ്യമാകും. ചില ആക്ഷേപം ഒഴിച്ചു നിര്‍ത്തിയാല്‍ ഇന്ത്യയിലെ ബാങ്കുകള്‍ക്ക് വലിയ നിക്ഷേപം സ്വരൂപിക്കാന്‍ കഴിയുന്നുണ്ട്. എന്നാല്‍, വ്യവസായ സ്ഥാപനങ്ങള്‍ക്ക് ബാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ലൈസന്‍സ് നല്‍കുമ്പോള്‍ അത് മോശമായ വായ്പ ഇടപാടിലേക്ക് നയിക്കും. കടം വാങ്ങുന്നവനും ഉടമയും ഒന്നായി മാറും. ഈ അവസ്ഥ നിക്ഷേപകര്‍ക്ക് വളരെയധികം പ്രതികൂലമായി മാറും.

മോദി സര്‍ക്കാര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള എല്ലാ സ്ഥാപനങ്ങളും സംരംഭങ്ങളും തങ്ങളുടെ കോര്‍പ്പറേറ്റ് ചങ്ങാതിമാര്‍ക്ക് വില്‍ക്കുകയാണ്. നിരവധി വിമാനത്താവളങ്ങള്‍ ഇതിനകം അദാനിക്ക് വിറ്റു. എണ്ണക്കമ്പനികളും ഇന്ത്യന്‍ റെയില്‍വേയും വില്‍പ്പനയ്ക്ക് വച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ നീക്കം ബാങ്കിങ് മേഖലയുടെ വഴിത്തിരിവാണ്. മോദിയുടെ 'സബ്കാ വികാസ്' എന്ന മുദ്രാവാക്യം 'അദാനി കാ വികാസിന്റെ' ഒരു മറുവാക്കാണ്.

സംഘപരിവാരത്തിന്റെ വിനാശകരമായ കൈകളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിന് ജനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തയ്യാറായില്ലെങ്കില്‍, നമ്മുടെ പ്രിയപ്പെട്ട രാജ്യം തീര്‍ച്ചയായും കോര്‍പ്പറേറ്റുകള്‍ക്ക് വില്‍ക്കും. ആര്‍ബിഐ മുന്‍ ഡെപ്യൂട്ടി ഗവര്‍ണര്‍ വൈറല്‍ ആചാര്യ പറഞ്ഞതുപോലെ ''വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഫ്ളോട്ട് ബാങ്കിങ് ലൈസന്‍സ് നല്‍കുന്നത് നല്ല ഒരു ആശയമാണ്, പക്ഷേ അത് അലമാരയുടെ ഷെല്‍ഫില്‍ സൂക്ഷിക്കാനേ കഴിയുകയുള്ളൂ' എന്നും എം കെ ഫൈസി പരിഹസിച്ചു.

Tags:    

Similar News